പത്തനംതിട്ട: കഴിഞ്ഞ തീര്‍ത്ഥാടന സീസണിലേതിന് സമാനമായി യുവതീ പ്രവേശനം തടയാൻ പദ്ധതി തയ്യാറാക്കി ശബരിമല കര്‍മ്മ സമിതി. സംസ്ഥാനത്താകെയുള്ള കര്‍മ്മ സമിതി അംഗങ്ങൾ ഊഴമിട്ട് ശബരിമലയിലെത്തി തമ്പടിക്കാണ് തീരുമാനിച്ചിട്ടുള്ളത്. യുവതീ പ്രവേശനം ഉണ്ടായാൽ തടയും. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നിരിക്കെ പ്രത്യക്ഷ സമരം തൽക്കാലം വേണ്ടെന്നും കര്‍മ്മസമിതിയിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. 

മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് എല്ലാ ദിവസവും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ശബരിമലയിൽ തന്പടിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുമുടിക്കെട്ടുമായി എത്താനാണ് സംഘങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. ഇതോടൊപ്പമാണ് പ്രധാന കേന്ദ്രങ്ങളിൽ നാമജപം നടത്താനും തീരുമാനിച്ചിട്ടുള്ളത്.