കൊച്ചി: സിറോ മലബാർ സഭാ വ്യാജരേഖാക്കേസിലെ നാലാംപ്രതി ഫാദർ ആന്‍റണി കല്ലൂക്കാരന്റെ അറസ്റ്റ് ഈ മാസം 28 വരെ കോടതി തടഞ്ഞു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാക്കുന്നത് വരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. അതിനിടെ കേസിലെ ഒന്നാം പ്രതി ഫാ. പോൾ തേലക്കാടിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാദർ ആന്‍റണി കല്ലൂക്കാരന് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ അറസ്റ്റ് തടഞ്ഞുള്ള നിർദ്ദേശം. ഈ മാസം 28ന് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കും. അതുവരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് പൊലീസിന്  കോടതി നിർദ്ദേശം നല്‍കി. ടോണി കല്ലൂക്കാരൻ അടക്കമുള്ള വൈദികർക്കെതിരെ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. 

ഇതിനിടെ, കേസിൽ ഒന്നാം പ്രതിയായ ഫാദർ പോൾ തേലക്കാട് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലും 28ന്  വാദം നടക്കും. നെഞ്ച് വേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഫാദർ പോൾ തേലക്കാട്. വൈദികരായ പോൾ തേലക്കാടും ടോണിക്കല്ലൂക്കാരനും നിർദ്ദേശിച്ചതനുസരിച്ചാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നാണ് റിമാൻഡിലുള്ള ആദിത്യന്‍ പൊലീസിന് നൽകിയ മൊഴി. ആദിത്യൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.  

അതേസമയം, കാക്കനാട് മജിസ്ട്രേറ്റിന് ആദിത്യന്‍ നല്‍കിയ മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തന്നെ പൊലീസ് ക്രൂരമായി മർദിച്ചാണ് വൈദികരുടെ പേര് പറയിപ്പിച്ചതെന്ന് മൊഴിയില്‍ ആദിത്യന്‍ പറയുന്നുണ്ട്. വൈദികരുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പൊലീസ് വാഗ്ദാനം നല്‍കിയതായും മൊഴിയിലുണ്ട്.  

ചൂരല് കൊണ്ട് തല്ലി; മുഖത്ത് തൊഴിച്ചു: ആദിത്യന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്

അതിനിടെ, വ്യാജരേഖാ കേസ് പിന്‍വലിക്കാമെന്ന ഉറപ്പ് ആലഞ്ചേരി പാലിച്ചില്ലെന്ന എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സർക്കുലർ സഭയില്‍ വിവാദമായി. നാളെ പള്ളികളില്‍ വായിക്കാനിരിക്കുന്ന സർക്കുലറിനെതിരെ ഒരുവിഭാഗം വിശ്വാസികള്‍ രംഗത്തെത്തി. പ്രതികളെ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് വാദം.