തിരുവനന്തപുരം: വരുന്ന 17 ന് തിരുവനന്തപുരത്ത് നടക്കുന്ന സഭാ ടിവി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുറത്താക്കൽ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയ സ്പീക്കര്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. 

നിയമസഭ നടപടികള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സഭ ടിവി പ്രവര്‍ത്തനം തുടങ്ങുന്നത്.  ഈ മാസം പതിനേഴിന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല ഓണ്‍ലൈന്‍ വഴി സഭ ടിവിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് തീരുമാനം. മുഖ്യമന്ത്രിയും  പ്രതിപക്ഷ നേതാവും സാമാജികരും ഓണ്‍ലൈന്‍ വഴി ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമാകുമെന്നായിരുന്നു തീരുമാനം .

വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ട് വാങ്ങിയ ശേഷം സഭ ടിവിയുടെ നേതൃത്വത്തില്‍ ചിത്രീകരിച്ച പരിപാടികള്‍ സംപ്രേഷണം ചെയ്യും. ഇതിനു പുറമേ നെറ്റ് ഫ്ളിക്സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്ഫോമും പതിനേഴിന് പ്രവര്‍ത്തനം തുടങ്ങുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.