ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോ​ഗിച്ച് കമ്പനി പൂട്ടിക്കാനാണ് ഒരു വിഭാ​ഗം ആളുകൾ ശ്രമിക്കുന്നത്. കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം 

കിഴക്കമ്പലം: കിറ്റക്സിലെ ജീവനക്കാ‍ർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കമ്പനി ചെയർമാർ സാബു ജേക്കബ്. തീർത്തും അപ്രതീക്ഷിതമായും യാദൃശ്ചികമായുമാണ് ഇന്നലെ രാത്രിയിലെ സംഘർഷമുണ്ടായതെന്നും ഒരു കൂട്ടം തൊഴിലാളികൾ ലഹരിമരുന്ന് ഉപയോ​ഗിച്ചതാണ് സംഘ‍ർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും സാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഘ‍ർഷമെന്നും എന്നാൽ വിഷയം രാഷ്ട്രീയമായി ഉപയോ​ഗപ്പെടുത്തി കമ്പനി അടച്ചു പൂട്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നീക്കമെന്നും സാബു ആരോപിച്ചു. 

സാബുവിൻ്റെ വാക്കുകൾ - 

വളരെ യാദൃശ്ചികമായുണ്ടായ സംഭവമാണിത് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇന്നലെ ഒരു വിഭാ​ഗം തൊഴിലാളികൾ ക്രിസ്മസ് കരോളുമായി ഇറങ്ങി. പക്ഷേ ഇതുമൂലം രാത്രി ഉറക്കാൻ പറ്റുന്നില്ലെന്ന പരാതിയുമായി മറ്റൊരു വിഭാ​ഗം തൊഴിലാളികൾ രം​ഗത്ത് എത്തി. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുട‍ർന്ന് സെക്യൂരിറ്റി ജീവനക്കാരും കിറ്റക്സിലെ ജീവനക്കാരും ഇടപെട്ടെങ്കിലും ഇവ‍ർക്കെതിരെ ആക്രമണമുണ്ടായി. ഇതോടെയാണ് കമ്പനി ജീവനക്കാ‍ർ പൊലീസിനെ വിളിച്ചത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കിഴക്കമ്പലം പൊലീസിന് നേരെയും ഒരു വിഭാ​ഗം തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. തീ‍ർത്തും അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു അപകടമുണ്ടായത്.

ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോ​ഗിച്ച് കമ്പനി പൂട്ടിക്കാനാണ് ഒരു വിഭാ​ഗം ആളുകൾ ശ്രമിക്കുന്നത്. കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം റിപ്പോ‍ർട്ട് ചെയ്യുന്നത്. ഇന്നാൾ വരെ ഒരു കേസ് പോലും തൊഴിലാളികൾക്ക് നേരെ ഉണ്ടായിട്ടില്ല. എങ്ങനെ ഇവ‍ർക്ക് ലഹരി കിട്ടുന്നുവെന്ന് ആദ്യം പരിശോധിക്കണം. കൊവിഡ് മൂലം കഴിഞ്ഞ ഒരു വ‍ർഷമായി ലേബർ ക്യാംപിൽ നിന്നും പുറത്തു പോകാൻ നിയന്ത്രണങ്ങളുണ്ട് എന്നിട്ടും എങ്ങനെ ഇവ‍ർക്ക് ലഹരിപദാ‍ർത്ഥങ്ങൾ കിട്ടിയെന്ന് ആദ്യം പരിശോധിക്കണം. 

ലേബർ ക്യാംപിലുള്ള മൊത്തം ജീവനെക്കാരേയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി. ഇവരെല്ലാം അക്രമിസംഘത്തിൽപ്പെട്ടവരല്ല. കമ്പനിയുടെ അകത്തെ സിസിടിവി ക്യാമറകൾ ഞങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അക്രമസംഭവത്തിൽ ഉൾപ്പെട്ട എല്ലാവരേയും എത്രയും പെട്ടെന്ന് തിരിച്ചറിയും പൊലീസ് നടപടികളുമായി ഞങ്ങൾ സഹകരിക്കുകയും ചെയ്യും. 

YouTube video player

എറണാകുളം കിഴക്കമ്പലത്ത് ത‍ർക്കം തീർക്കാനെത്തിയ പൊലീസിനെ ഇന്നലെ രാത്രിയാണ് കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ വളഞ്ഞിട്ടാക്രമിച്ചത്. ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാനതൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പിന്നാലെ തൊഴിലാളികൾ പൊലീസുകാരേയും പൊലീസ് വാഹനങ്ങളും ആക്രമിക്കുകയായിരുന്നു. തൊഴിലാളികൾ പൊലീസ് ജീപ്പുകൾ തല്ലി തകർക്കുന്നതിന്റയും കത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയിരുന്നു.

YouTube video player

കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. അക്രമവിവരമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തുകയും കിറ്റക്സ് കമ്പനിയിലെ 150-ലേറെ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മദ്യലഹരിയിൽ നടന്ന ആക്രമണമാണ് കിഴക്കമ്പലത്ത് ഉണ്ടായതെന്ന് റൂറൽ എസ്പി കെ. കാർത്തിക് പറഞ്ഞു. അക്രമിസംഘത്തിൽ അഞ്ഞൂറോളം പേരുണ്ടായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നും കെ.കാർത്തിക്ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം ‌ഇതരസംസ്ഥാന തൊഴിലാളികളുടെ അക്രമത്തിന്റെ ഞെട്ടലിലാണ് കിഴക്കമ്പലം നിവാസികൾ. മദ്യലഹരിയിൽ നടത്തിയ അക്രമങ്ങൾക്കിടെ പൊലീസിനെ രക്ഷപ്പെടുത്തിയത് വളരെ കഷ്ടപ്പെട്ടെന്നാണ് ദൃക്സാക്ഷികൾ തന്നെ പറയുന്നത്.


YouTube video player