Asianet News MalayalamAsianet News Malayalam

സാജന്‍റെ ആത്മഹത്യ: നഗരസഭ ചെയർപേഴ്സണ് പൊലീസിന്‍റെ ക്ലീൻ ചിറ്റ്; കേസന്വേഷണം അവസാനിപ്പിക്കുന്നു

നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് പൊലീസ് ക്ലീൻ ചിറ്റ് നൽകി. നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

sajan suicide controversy police may closing case
Author
Kannur, First Published Oct 1, 2020, 10:14 AM IST

കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നു. കേസിൽ ആർക്കെതിരെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് പൊലീസ് ക്ലീൻ ചിറ്റ് നൽകി. കൺവെൻഷൻ സെന്ററിന് അനുമതി വൈകിയത് നിർമ്മാണത്തിലെ അപാകത കൊണ്ടാണ്. നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് അടുത്ത ദിവസം റിപ്പോർട്ട് നൽകും. അനുമതി വൈകിപ്പിക്കാൻ താൻ ഒരു ഇടപെടലും നടത്തിയിരുന്നുല്ലെന്ന് പി കെ ശ്യാമള ഏഷ്യാനെറ്റ് ന്യൂസിന് പറഞ്ഞു. സിപിഎമ്മിന് പേരുദോഷം ഉണ്ടാകുന്നതരത്തിലായിരുന്നു അന്നത്തെ വിവാദം. ചെയ്യാത്ത തെറ്റിന് തന്നെയും പാർട്ടിയെയും ആക്രമിക്കാനുള്ള ശ്രമവും ഉണ്ടായി. നിലവിൽ സാജന്റെ കുടുംബവുമായി പ്രശ്നങ്ങളില്ലെന്നും ചെയർപേഴ്സൺ ഏഷ്യാനെറ്റ് ന്യൂസിന് പറഞ്ഞു.

15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണാണ് പ്രവാസി ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 

Follow Us:
Download App:
  • android
  • ios