ജി സുധാകരനെ ചുമക്കുന്ന കെ സി വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്ന് സജി ചെറിയാൻ. ആറു മാസം കൊണ്ട് കെ സി വേണുഗോപാൽ ഇത് മനസിലാക്കും. ഇല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ, ഞങ്ങളിതൊക്കെ അനുഭവിച്ചവരാണ്.
തിരുവനന്തപുരം: ജി സുധാകരന് താക്കീതുമായി സജി ചെറിയാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്നാണ് സജി ചെറിയാൻ താക്കീത് നൽകിയത്. ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്തതിൽ ജി സുധാകരന്റെ ആരോപണത്തെയും സജി ചെറിയാൻ പരാമർശിച്ചു. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. ഞാൻ സുധാകരന്റെയും സുധാകരന് എന്റെയും നിഴലായി നിന്ന കാലമാണത്. ഞാൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും കാണും. മര്യാദകെട്ട വർത്തമാനമാണത്, താനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ, ജി സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാലോ എന്നും സജി ചെറിയാൻ പറഞ്ഞു. സുധാകരൻ ഞങ്ങളെ വിട്ടേക്ക്, പാർട്ടിയെ ആക്ഷേപിക്കാൻ വരരുത്. കെ സി വേണുഗോപാലിനും ചെന്നിത്തലക്കും വിഡി സതീശനും ഇല്ലാത്ത ആവേശമാണ് ജി സുധാകരനെന്നും സജി ചെറിയാൻ ആരോപിച്ചു. അതേസമയം ജി സുധാകരനെ ചുമക്കുന്ന കെ സി വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകുമെന്ന് സജി ചെറിയാൻ. ആറു മാസം കൊണ്ട് കെ സി വേണുഗോപാൽ ഇത് മനസിലാക്കും. ഇല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ, ഞങ്ങളിതൊക്കെ അനുഭവിച്ചവരാണ്. സുധാകരനെ ആറ് മാസത്തിനകം തള്ളി പറയേണ്ടിവരും. ആലപ്പുഴ കടപ്പുറത്ത് പൊളിക്കാത്ത പാലത്തിൽ കൂടി നടന്നു പോയി ചാടും. സുധാകരൻ ജയിച്ചാലും തോറ്റാലും വേണുഗോപാൽ ചെയ്തതിനുള്ളതൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
ജി സുധാകരൻ വ്യക്തിപരമായ അക്രമത്തിന്റെ പാരമ്യത്തിൽ എത്തി. പ്രസ്ഥാനം വിട്ടു പോയ പ്രമുഖരുടെയൊക്കെ ഉള്ളിൽ കമ്മ്യുണിസം ഉണ്ടായിരുന്നു. എന്നാൽ ജി സുധാകരൻ അങ്ങനെയല്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്, പാർട്ടിയെ തെരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ സി വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റ് ഇല്ലെന്ന് അറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് വലതു പക്ഷമാവുകയും ചെയ്‌തെന്ന് സജി ചെറിയാൻ പറഞ്ഞു. ഞാൻ മാഫിയ ആണെന്ന് ജി സുധാകരൻ പറയുന്നു. എന്നാൽ കേരളത്തിൽ ഒരാളും എന്നെ കുറിച്ച് അങ്ങനെ പറയില്ല. അഞ്ച് രൂപ കിട്ടിയാൽ ജി സുധാകരൻ അത് പോക്കറ്റിൽ ഇട്ടുകൊണ്ട് പോകും. എന്നാൽ സജി ചെറിയാൻ അങ്ങനെയല്ല, ജി സുധാകരൻ ഇപ്പോഴും എംഎൽഎ പെൻഷൻ വാങ്ങുന്നുണ്ട്. അത് പാർട്ടിയിൽ നിന്ന് നേടിയെടുത്ത അനുകൂല്യമല്ലേയെന്നും സജി ചെറിയാൻ ചോദിച്ചു. രണ്ട് സിപിഎം എംഎൽഎമാർ കോടീശ്വരൻമാർ ആണെന്ന് പറയുന്നു.
ജി സുധാകരന്റെ ആസ്തിയുടെ 25ൽ ഒന്ന് ഒരു എംഎൽഎയ്ക്കുമില്ല. ലോൺ എടുത്താണ് എച്ച് സലാം വീട് പണിതത്. ഒരുപാട് സംസാരിക്കാൻ വന്നാൽ തിരിച്ചും പറയാൻ കുറെയുണ്ട്. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞാണ് ജി സുധാകരൻ സംസാരിക്കുന്നത്. നാസർ ഈഴവൻ ആണെന്ന് പറയുന്നു. ഈഴവന് സീറ്റ് കൊടുത്തില്ല എന്ന ചർച്ച ഉയർത്താൻ ആണ് ഈ നാറിയ വർത്തമാനം ജി സുധാകരൻ പറഞ്ഞത്. സുധാകരൻ അനുഭവിക്കും, പ്രപഞ്ചത്തിൽ സത്യമുണ്ട്. ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കും.ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും കാട്ടി. അതിനെല്ലാം അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോകില്ല. ഈ മനുഷ്യനെ സ്വന്തം കുടുംബാംഗങ്ങൾ വിശ്വസിക്കുമോ എന്നും സജി ചെറിയാൻ ചോദിച്ചു. കടുക് മണി സ്നേഹം പോലും പാർട്ടിയോടില്ല. സുജാതയെ അപമാനിച്ചതിൽ സുധാകരന്റെ 5000 വോട്ട് പോകും. ഏറ്റവും വലിയ ഭൂരിപക്ഷം അമ്പലപ്പുഴയിലാവും ഉണ്ടാവുക. ജി സുധാകരൻ ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക് കൂപ്പുകുത്തും. കോൺഗ്രസിലെ കരിമ്പിൻ ചണ്ടിയാണ്, ഉപയോഗിച്ച് കഴിഞ്ഞ് കോൺഗ്രസുകാർ വലിച്ചെറിയുമെന്നും സജി ചെറിയാൻ ആരോപിച്ചു. യുഡിഎഫിന് നേതൃത്വമില്ല, യുഡിഎഫിലെ തമ്മിലടി തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു. മുസ്ലിം ലീഗ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു, ഇത് ജനങ്ങൾ ഭയപ്പെടുന്നു. ബിജെപിയും വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നുണ്ട്. എന്നാൽ പിണറായി വിജയന്റെ നേതൃമികവ് ജനങ്ങൾ അംഗീകരിച്ചു. പിണറായിക്ക് ബദലായി മറുഭാഗത്ത് ആരുമില്ല. ആലപ്പുഴയിൽ മികച്ച വിജയം നേടും. എട്ട് മണ്ഡലങ്ങളും നിലനിർത്തും. ഹരിപ്പാട് ശക്തമായ മത്സരം കാഴ്ച വെച്ചു. ഹരിപ്പാട് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.


