കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാൽ വി മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോർട്ടിംഗിന് വേണ്ടി ജ്യോതി 2023 സെപ്റ്റംബറിൽ തന്നെ കേരളത്തിലെത്തി
തിരുവനന്തപുരം: ബിജെപി നേതാവും മുൻകേന്ദ്ര മന്ത്രിയുമായിരുന്ന വി മുരളീധരന് ചാരവനിതയായ ജ്യോതി മൽഹോത്രയെ നേരത്തെ അറിയാമെന്ന ആരോപണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
വാഗാ ബോർഡിൽ വച്ച് പാസ്പോർട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മൽഹോത്ര ഹരിയാന ബിജെപി എന്ന് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേയെന്നും ഈ മാധ്യമ വിഭാഗം മേധാവിയുടെ ദില്ലി വീട്ടിൽ താമസിച്ചല്ലേ ഡിആർഡിഒ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരുത്തൻ തട്ടിപ്പ് നടത്തിയതെന്നും സന്ദീപ് വാര്യർ ചോദിച്ചു.
കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം. എന്നാൽ വി മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോർട്ടിംഗിന് വേണ്ടി ജ്യോതി 2023 സെപ്റ്റംബറിൽ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണെന്നും വി മുരളീധരൻ മറുപടി പറയണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
