തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികരണം തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. 

ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭീഷണിയായി തോന്നുന്നത് നികുതിയടയ്ക്കാത്തവര്‍ക്ക് ആണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് നടത്തിയ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നടത്തിയ  പ്രതികരണം പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു എം ടി രമേശിന്‍റെ പ്രതികരണം. സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. 

വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വരുന്നത്. പ്രതിഷേധിക്കുന്നവരോട്  ബിജെപിക്ക്  വൈര്യനിരാതന ബുദ്ധി ഇല്ല. സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം വലിയ വിമര്‍ശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവരോടൊന്നും പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും എംടി രമേശ് പറഞ്ഞു.