തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിനൊപ്പം രണ്ട് വർഷം മുൻപ് നടന്ന മറ്റൊരു തീപിടുത്തവും വാർത്തകളിൽ സജീവമായിരുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ കാറുകൾ കത്തിച്ച സംഭവമാണത്. ഈ കേസിലെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നാലെ തന്റെ പേരിൽ ഉയർന്നു വന്ന ആക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് സന്ദീപാനന്ദഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തീപിടിച്ചത് സെക്രട്ടറിയേറ്റിനുളളിലാണെങ്കിലും കനലുകൾ കുണ്ടമൻകടവിലെ സന്ദീപാനന്ദഗിരി ആശ്രമം വരെയെത്തി. തനിക്കെതിരെ ഉണ്ടായ 
വ്യാപകമായ ആക്ഷേപങ്ങളും ട്രോളുകളും സംഘപരിവാറിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് സന്ദീപാന്ദഗിരി പറയുന്നു.

ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുളള ആക്രമണം. 2018 ഒക്ടോബറിലായിരുന്നു തിരുമല കുണ്ടമൻകടവിലെ ആശ്രമത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തിനശിച്ചത്. മുഖ്യമന്ത്രിയടക്കം സ്ഥലം സന്ദർശിച്ചെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമായി മുന്നോട്ടുപോയില്ല. 

പുലർച്ചെ ആശ്രമപരിസരത്ത് നിന്നും ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യമായിരുന്നു പ്രധാനതെളിവ്. സംശയമുളളയാളുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും ആരെയും പിടികൂടിയില്ല. കഴിഞ്ഞ ഒക്ടോബറിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല. തീപിടുത്തവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളുടെ സത്യാവസ്ഥ വെളിച്ചത്തുവരാൻ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തികരിച്ചേ മതിയാകൂ എന്ന് സന്ദീപാനന്ദഗിരി പറയുന്നു