Asianet News MalayalamAsianet News Malayalam

ശാന്തന്‍പാറ കൊലപാതകം: റിജോഷിന്‍റെ മകളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹം നാട്ടില്‍ കൊണ്ടുപോകണമെന്ന് ബന്ധുക്കള്‍

മകളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മുംബൈയിലെത്തിയ  റിജോഷിന്‍റെ സഹോദരങ്ങളാണ് ആവശ്യം ഉന്നയിച്ചത്. 

Santhanpara murder autopsy of two years old shows she was poisoned
Author
Idukki, First Published Nov 10, 2019, 3:29 PM IST

ഇടുക്കി: ശാന്തന്‍പാറയില്‍ കൊല്ലപ്പെട്ട  റിജോഷിന്‍റെ മകള്‍ രണ്ടരവയസുകാരിയുടെ പോസ്‍റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണം  വിഷം ഉള്ളിൽ ചെന്നെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മകളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മുംബൈയിലെത്തിയ  റിജോഷിന്‍റെ സഹോദരങ്ങളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം  വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്‍റെ ഭാര്യ ലിജി എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരെയും പനവേലിൽ നിന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിജിയുടെ ഭർത്താവ് റിജോഷിന്‍റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.

ഇടുക്കി ശാന്തൻപാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വസീമും റിജോഷിന്‍റെ ഭാര്യ ലിജിയും രണ്ടര വയസുള്ള മകളും ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പനവേലിൽ എത്തിയത്. തുടർന്ന് പനവേലിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. മണിക്കൂറുകളായിട്ടും മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാ‍ർ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിന്‍റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബർ 31നാണ് റിജോഷിനെ കാണാതായത്. 

കൊച്ചിക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ നവംബ‍ർ നാലിന് ലിജിയേയും ഇവർ ജോലി ചെയ്യുന്ന സ്വകാര്യ റിസോർട്ടിലെ മാനേജരായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി. ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് റിജോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിനിടെ വസീമിന്‍റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാര്‍ക്കും ഇതിൽ പങ്കില്ലെന്നുമായിരുന്നു സന്ദേശം. എന്നാൽ എവിടെയാണുള്ളതെന്ന് വസീം വെളിപ്പെടുത്തിയിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായതോടെ മകൾക്ക് വിഷം നൽകിയ ശേഷം ലിജിയും വസീമും വിഷം കഴിച്ചിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം.

Follow Us:
Download App:
  • android
  • ios