കൊച്ചി: യൂണിടാക് ബിൽ‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ കൊച്ചിയിൽ സിബിഐ ചോദ്യം ചെയ്യുകയാണ്. ലൈഫ് മിഷനെതിരെയുള്ള അന്വേഷണം രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് യൂണിടാകിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാനുള്ള സിബിഐയുടെ തീരുമാനം.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി നൽകിയോ, എഫ്സിആർഎ ചട്ടലംഘനമുണ്ടായോ എന്നീ കാര്യങ്ങളെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി തവണ സന്തോഷ് ഈപ്പനേയും ലൈഫ് മിഷൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് സിബിഐ അന്വേഷണം ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ യു വി ജോസ് നൽകിയ ഹർജിയിൽ ലൈഫ് മിഷനെതിരെയുള്ള അന്വേഷണം മാത്രമായി ഹൈക്കോടതി ഭാഗികമായി സ്റ്റേ ചെയ്തത്. 

ഇതോടെ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം തടസ്സപ്പെട്ടെങ്കിലും നടപടികൾ നിർത്തിവെക്കേണ്ട എന്നാണ് സിബിഐയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് സന്തോഷ് ഈപ്പനെ വിളിച്ചു വരുത്തിയത്. ഇതിനിടെ ലൈഫ് മിഷൻ നൽകിയ ഹർജിയിൽ ഉടൻ വിശദമായ വാദം കേൾക്കണമെന്ന സിബിഐ അപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തെളിവ് സഹിതം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകാനാണ് ഇഡിയുടെ തീരുമാനം. മുദ്രവെച്ച കവറിലാണ് ഹൈക്കോടതിക്ക് ഇഡി സത്യവാങ്മൂലം സമർപ്പിക്കുക.