പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ, ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി.  ''നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട് '' - ശാരദക്കുട്ടി എഫ്ബിയില്‍ കുറിച്ചു. 

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങൾ അനാഥരല്ല, നിങ്ങൾക്കൊരു നേതാവുണ്ട്.

അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളിൽ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടത്. അദ്ദേഹം സംസാരിച്ച ഭാഷയും നൊടിയിടയിൽ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നു.

അതിവിടെ സ്ഥിരമായി നേരിടുന്നവർ കണ്ടു പഴകിയതാണ്. അവർക്ക് പെട്ടെന്നു പിടി കിട്ടുന്നതാണ്.

സങ്കടമുണ്ട്, നിരാശയും പ്രതിഷേധവും വെറുപ്പുമുണ്ട്. അതു രേഖപ്പെടുത്താൻ വാക്കുകളില്ല..പ്രതിപക്ഷ നേതാവ് എന്നത് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഒരു ഉന്നതപദവിയാണ്. ഭരണത്തിന്റെ ഭാഗം തന്നെയാണ്.

'ശ്രുതി കേട്ട മഹീശർ തന്നെയീ വൃതിയാനം' തുടങ്ങുകിൽ ധർമ്മഗതിയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം?