ആദ്യമൂന്നു ദിവസം പതിവുമട്ടില്‍ ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ടതോടെയാണ് തെരച്ചില്‍ ഊര്‍ജിതമായത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഇന്നലെ രാവിലെ അദ്ദേഹത്തെ വിളിച്ചിരുന്നു. ഇതാണ് നിര്‍ണായകമായതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
കോഴിക്കോട്: കാട് കാണാനോ മല കയറാനോ പോകുന്നവരില്‍ ആരെങ്കിലും കൂട്ടംതെറ്റിയെന്ന് കേട്ടാല്‍ വനം വകുപ്പിനോ പൊലീസിനോ വലിയ ഞെട്ടലുണ്ടാവാറില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഇങ്ങ് തിരിച്ചെത്തിക്കോളും എന്ന മട്ടാണ്. കര്‍ണാടകയിലെ മടിക്കേരിയില്‍ ട്രെക്കിങ്ങിനു പോയ ഐടി ഉദ്യോഗസ്ഥ നാദാപുരം സ്വദേശി ശരണ്യയെ കാണാതായ പരാതിയിലും ആദ്യദിവസങ്ങളില്‍ അതു തന്നെയായിരുന്നു സ്ഥിതി. പൊലീസും വനംവകുപ്പുമെല്ലാം അന്വേഷിച്ചെങ്കിലും ആദ്യ മൂന്നു ദിവസവും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. പക്ഷേ, നാലാംദിവസം ചിത്രം മാറി. കര്‍ണാടക പൊലീസും വനംവകുപ്പും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് തിരച്ചിലിനിറങ്ങി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള ഡ്രോണുകള്‍ കാടിനു മുകളിലൂടെ പറന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക നിര്‍ദേശപ്രകാരം സ്പെഷല്‍ ടാസ്‌ക് ഫോഴ്സും രംഗത്തെത്തി. കര്‍ണാടക വനംവകുപ്പു മന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ഇടപെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചു. ഒന്നും രണ്ടുമല്ല, ഒരു ഡസനോളം ടീമുകളാണ് കാടുംമലയും അരിച്ചു പെറുക്കിയത്. വൈകുന്നേരത്തോടെ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി.
ആദ്യമൂന്നു ദിവസം പതിവുമട്ടില്‍ ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ടതോടെയാണ് തെരച്ചില്‍ ഊര്‍ജിതമായത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഇന്നലെ രാവിലെ അദ്ദേഹത്തെ വിളിച്ചിരുന്നു. ഇതാണ് നിര്‍ണായകമായതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) ഈ മാസം രണ്ടാം തീയതി വ്യാഴാഴ്ചയാണ് മടിക്കേരി വനമേഖലയിലെ ഏറ്റവും ഉയരമേറിയ പ്രദേശത്തു നിന്ന് കാണാതായത്. വഴി തെറ്റിയതായി ഉച്ചയ്ക്ക് രണ്ടു മണിയോടെ താമസസ്ഥലത്ത് വിവരം കിട്ടിയെങ്കിലും കര്‍ണാടക വനംവകുപ്പിന്റെ അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ശരണ്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫായതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് അന്വേഷണത്തിനു തടസ്സമായത്. മൂന്ന് ദിവസത്തെ തിരച്ചിലിലും ശരണ്യയെ കണ്ടെത്താതിരുന്നതോടെ വീട്ടുകാരും നാട്ടുകാരുമെല്ലാം ആശങ്കയിലായി. മുഖ്യമന്ത്രി ഉള്‍പ്പെടെ കേരളത്തിലെ ഭരണാധികാരികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി വേണ്ടത്ര സമ്മര്‍ദം ചെലുത്താനും ആളുണ്ടായില്ലെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നു. ഇതിനിടയിലാണ്, ഇന്നലെ രാവിലെ കെസി വേണുഗോപാല്‍ ഇടപെട്ടത്. അദ്ദേഹം ശരണ്യയുടെ അച്ഛനെയും വിളിച്ച് ആശ്വസിപ്പിച്ചിരുന്നു.
ദീര്‍ഘകാലം കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരനായിരുന്നു കെസി വേണുഗോപാല്‍. ആദ്യം വിളിച്ചപ്പോള്‍ സിദ്ധരാമയ്യയെ കിട്ടിയില്ലെന്ന് കെസി വേണുഗോപാല്‍ ഓര്‍ക്കുന്നു. അന്നേരം, സിദ്ധരാമയ്യ ഹെലിക്കോപ്റ്ററിലായിരുന്നു. തുടര്‍ന്ന്, കര്‍ണാടക ആഭ്യന്തര മന്ത്രി പരമേശ്വരയെ വിളിച്ചു. പിന്നാലെ വനം മന്ത്രിയുമായും സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നൂറംഗ പ്രത്യേക സംഘവും തിരച്ചിലിനെത്തിയതായി കെസി വേണുഗോപാല്‍ പറയുന്നു. ഇതിനിടയില്‍, മുഖ്യമന്ത്രി തിരിച്ചു വിളിച്ചു. ആഭ്യന്തര മന്ത്രി ഇതിനിടയില്‍ ഡിജിപിക്കും, വനംമന്ത്രി ഫോറസ്റ്റ് മേധാവിക്കും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി കെ.സി വേണുഗോപാല്‍ പറയുന്നു. തുടര്‍ന്ന്, തെരച്ചില്‍ ഊര്‍ജിതമായി. പൊലീസിന്റെയും വനംവകുപ്പിന്റെയും, ആദിവാസികളടങ്ങിയ പ്രാദേശിക സംഘത്തിന്റെയും തിരച്ചില്‍. കൂടാതെ നക്സല്‍ വിരുദ്ധ സേനയുടെ രണ്ട് ടീമുകളും വനംവകുപ്പിന്റെ അഞ്ച് പ്രത്യേക ടീമുകളും പോലീസിന്റെ ഡോഗ് സ്‌ക്വാഡും തെരച്ചിലില്‍ ചേര്‍ന്നു. വൈകുന്നരത്തോടെ സംഘം ശരണ്യയെ കണ്ടെത്തി.
ഞായറാഴ്ച വൈകുന്നേരം മാത്രമാണ് പ്രശ്നത്തില്‍ കേരള സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണായി വിജയന്‍ ഇടപെട്ടതെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. ആദ്യമൂന്നു ദിവസങ്ങളിലും സംസ്ഥാനം കാര്യമായി ഒന്നും ചെയ്തിരുന്നില്ല. കണ്ണൂരിലെ സ്വന്തം മണ്ഡലത്തില്‍ പ്രചാരണത്തിന്റെയും റോഡ്ഷോയുടെയും തിരക്കിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
