കാസർകോട്: സോളാർ തട്ടിപ്പ് കേസിൽ വീണ്ടും പൊലീസ് പിടിയിലായി റിമാന്റിൽ കഴിയുന്ന സരിത എസ് നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കണ്ണൂർ വനിതാ ജയിലിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ ഇവരുടെ ഫലം നെഗറ്റീവായിരുന്നു. ക്വാറന്റീന് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ സൗകര്യമുള്ളത് കണക്കിലെടുത്താണ് ഇങ്ങോട്ട് മാറ്റിയതെന്നാണ് വിശദീകരണം. കോഴിക്കോട്ടെ വ്യാപാരിയിൽ നിന്ന് പണം തട്ടിയ കേസിലായിരുന്നു സരിത റിമാൻഡിലായത്. പിന്നാലെ നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.