വിവാദമായി ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പ്രസ്താവന; കൈവിടാതെ കുഞ്ഞാലിക്കുട്ടി, ലീഗിലും അഭിപ്രായ ഭിന്നത
ന്യൂനപക്ഷങ്ങളുടെ പൾസ് തരൂർ മനസ്സിലാക്കിയില്ലെന്നാണ് ലീഗിനകത്തെ വിമർശനം. ലീഗ് നേതൃത്വം തരൂരിന്റെ പരിപാടിക്കെത്തിക്കും മുന്പ് കാര്യമായി ആലോചിച്ചില്ല എന്ന വിമർശനനം പാർട്ടിക്കകത്തുണ്ട്

കോഴിക്കോട്: പലസ്തീൻ റാലിയിലെ ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പ്രസ്താവനയിൽ വിവാദം. പരാമർശം പിൻവലിക്കണമെന്ന് സുന്നി സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ, ന്യായീകരിച്ച് തരൂരും, പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. എന്നാൽ തരൂരിന്‍റെ പ്രസ്താവന റാലിയുടെ ശോഭ കെടുത്തിയെന്നാണ് പ്രമുഖ ലീഗ് നേതാക്കളുടെ വിലയിരുത്തൽ. ഹമാസിനെ ഭീകരവാദികളെന്ന് പരാമർശിച്ചും പലസ്തീനീലെത് യുദ്ധമാണെന്ന് വിലയിരുത്തിയും തരൂർ പ്രസംഗിച്ചത് ലീഗ് റാലിയിൽ കല്ലുകടിയായെന്നാണ് പ്രതികരണമുണ്ടായത്.
എന്നാൽ തന്റെ വാക്കുകൾ അടർത്തിയെടുത്തെന്നാണ് തരൂരിന്റെ മറുപടി. മുംബൈയിലേക്കു പോകും മുന്പും അവിടെയെത്തിയ ശേഷവും തരൂർ തന്റെ നിലപാട് ആവർത്തിച്ചു. റാലിയുടെ സംഘാടകനായ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും തരൂരിനെ കൈവിട്ടില്ല. എന്നാൽ പ്രശ്നത്തിൽ ലീഗിനകത്ത് അഭിപ്രായ വ്യത്യാസമുണ്ട്. അത് കൊണ്ടാണ് എം കെ മുനീറും സമദാനി എം പിയും തരൂരിനെ തിരുത്തി അതേ വേദിയിൽ തന്നെ പ്രസംഗിച്ചത്. പരിപാടിയിൽ പങ്കെടുത്ത സുന്നി നേതാവ് നാസർ ഫൈസിയും തരൂർ തിരുത്തണമെന്നാവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെന്ന നിലയിൽ തരൂരിനെ ഉയർത്തിക്കാട്ടാമെന്ന് വിലയിരുത്തി മലബാർ പര്യടനത്തിന് പിന്തുണ നൽകിയ ലീഗിന് ഇത് തിരിച്ചടിയായി. ന്യൂനപക്ഷങ്ങളുടെ പൾസ് തരൂർ മനസ്സിലാക്കിയില്ലെന്നാണ് ലീഗിനകത്തെ വിമർശനം. ലീഗ് നേതൃത്വം തരൂരിന്റെ പരിപാടിക്കെത്തിക്കും മുന്പ് കാര്യമായി ആലോചിച്ചില്ല എന്ന വിമർശനനം പാർട്ടിക്കകത്തുണ്ട്.