Asianet News MalayalamAsianet News Malayalam

വേമ്പനാട് കായലിന്‍റെ ഉപഗ്രഹ മാപ്പിംഗ്: സംയുക്ത പഠനത്തിൽ ഇനി വിദ്യാർത്ഥികൾക്കും പങ്കാളികളാകാം

കായലിലെ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യവും മറ്റ് ഘടകങ്ങളും നിറവ്യത്യാസങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ഇന്തോ-യുകെ സംയുക്ത ഗവേഷണ പദ്ധതിയിൽ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കാളികളാകുന്നതിനാണ് അവസരം 

satellite mapping of vembanadu lake; student can participate
Author
Kochi, First Published Jul 30, 2019, 10:35 PM IST

കൊച്ചി: വേമ്പനാട് കായലിലെ മാലിന്യത്തിന്‍റെ വ്യാപ്തി തിരിച്ചറിയുന്നതിനുള്ള ഉപഗ്രഹ മാപ്പിംഗുമായി ബന്ധപ്പെട്ട സംയുക്ത പഠനത്തിൽ ഇനി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കാളികളാകാം. കായലിലെ രോഗകാരികളായ വിബ്രിയോ ബാക്ടീരിയകളുടെ സാന്നിധ്യവും മറ്റ് ഘടകങ്ങളും നിറവ്യത്യാസങ്ങളിലൂടെ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്ന പദ്ധതിയിലേക്കാണ് ഗവേഷകർക്ക് പുറമെ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കാളികളാക്കുന്നത്.

ഇന്തോ-യുകെ സംയുക്ത പദ്ധതിയുടെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി (എൻഐഒ), നാൻസൻ എൺവയൺമെന്‍റെൽ റിസർച്ച് സെന്‍റർ ഇന്ത്യ (നെർസി), യുകെയിലെ പ്ലിമൗത്ത് മറൈൻ ലബോറട്ടറി എന്നിവർ സംയുക്തമായാണ് വേമ്പനാട് കായലിന്‍റെ മാപ്പിംഗ് നടത്തുന്നത്. സിറ്റിസൻ സയൻസിന് പ്രാധാന്യം നൽകുന്നതിനാണ് പഠനത്തിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കാളികളാക്കുന്നത്.   

എന്താണ് പഠനം
കോളറക്ക് കാരണമാകുന്ന വിബ്രിയോ ബാക്ടീരിയകളും വെള്ളത്തിലടങ്ങിയിരിക്കുന്ന മറ്റനേകം ഘടകങ്ങളും കായലിൽ ഏതൊക്കെ ഭാഗങ്ങളിലാണ് കൂടിയും കുറഞ്ഞും കണ്ടുവരുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തുകയും, ഈ സ്ഥലങ്ങൾ റിമോട്ട് സെൻസിംഗ് വിദ്യകളുപയോഗിച്ച് മാപ്പിംഗ് നടത്തി ഭാവിയിൽ പൊതുജനസുരക്ഷക്കായി മുന്നറിയിപ്പ് നൽകുന്ന സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതി. ജലവിഭവ ഗവേഷണവുമായി ബന്ധപ്പെട്ട് ഇന്തോ-യുകെ സംയുക്ത പദ്ധതിയുടെ ഭാഗമായി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും യുകെയിലെ എൺവയൺമെന്റ് റിസർച്ച് കൗൺസിലും നടപ്പിലാക്കുന്ന ഗവേഷണ പരിപാടിയാണിത്. കഴിഞ്ഞ വർഷമാണ് പദ്ധതി തുടങ്ങിയത്. 

മിനി സെക്കി ഡിസ്‌കുകൾ ഉപയോഗിച്ച് കായലിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളത്തിന്‍റെ കലക്കിനനുസരിച്ച് വിവിധ നിറങ്ങളുടെ വിവരശേഖരണം നടത്തും. വിവരങ്ങൾ യഥാസമയം പങ്കുവെയ്ക്കാൻ മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴം, കോട്ടയം ജില്ലകളിൽ പരന്നുകിടക്കുന്ന വേമ്പനാട് കായലിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനി സെച്ചിഡിസ്‌കുകളും മൊബൈൽ ആപ്പും ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നതിനാണ് വിദ്യാർത്ഥികളും പൊതുജനങ്ങളും പദ്ധതിയുടെ ഭാഗമാകുന്നത്. 

ആർക്ക് പങ്കെടുക്കാം 
പരിസ്ഥിതി സംരക്ഷണത്തിലും ശാസ്ത്രപ്രവർത്തനങ്ങളിലും താൽപര്യമുള്ള ആർക്കും ഈ ഗവേഷണ പദ്ധതിയുടെ ഭാഗമാകാം. കോളേജ് വിദ്യാർത്ഥികൾക്കും വേമ്പനാട് കായിലിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. പങ്കാളികളാകുന്നവർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകും. ശാസത്ര-ഗവേഷണ പഠനങ്ങളുടെ സ്വഭാവം മനസ്സിലാക്കാനും റിമോട് സെൻസിംഗ് സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ഇതിലൂടെ സാധിക്കും. പങ്കാളികളാകാൻ താൽപര്യമുള്ളവർക്ക് സൗജന്യ പരിശീലനം നൽകും. 

പരിശീലനം
ഗവേഷണപരിപാടിയുടെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് അഞ്ചിന് (തിങ്കൾ) സിഎംഎഫ്ആർഐയിൽ പരിശീലനം നൽകും. താൽപര്യമുള്ളവർ  science.cmfri@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കാം. ഫോൺ 9746866845, 8547857036. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം ലഭിക്കുക.

Follow Us:
Download App:
  • android
  • ios