കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് സ്ഥിരം അതിക്രമം ചെയ്യുന്നുണ്ടെന്നും ഒരുപാട് യുവതികള്‍ തനിക്ക് മേസേജ് അയച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു
കൊച്ചി: കെഎസ്ആര്‍ടിസി ബസിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് വീണ്ടും അറസ്റ്റിലായ പ്രതി സവാദിനെതിരെ 2023ൽ പരാതി നൽകിയ യുവതി. 2023ൽ മാത്രമല്ലെന്നും സവാദ് അന്നത്തെ കേസിൽ പുറത്തിറങ്ങിയശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി സ്ഥിരം അതിക്രമം ചെയ്യുന്നുണ്ടെന്നും ഒരുപാട് യുവതികള്‍ തനിക്ക് മേസേജ് അയച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.
ഇപ്പോള്‍ ഒരു വിക്ടിം കൂടിയായി. സവാദ് സ്ഥിരമായി ഇത്തരത്തിൽ ലൈംഗികാതിക്രമം നടത്തുന്നയാളാണ്. പലര്‍ക്കും പരാതി നൽകാനും കേസിന് പുറകെ പോകാനും ഭയമാണ്. ജുഡീഷ്യൽ സിസ്റ്റത്തോടും നിയമത്തോടും പേടിയാണ്. രണ്ടുവര്‍ഷം മുമ്പ് സവാദിനെതിരെ കടുത്ത നടപടിയുണ്ടായിരുന്നെങ്കിൽ ഇപ്പോഴുണ്ടായ സംഭവം തടയാമായിരുന്നു.
നിയമ നടപടികളിലെ കാലതാമസം സാവാദിനെ പോലുള്ളവർക്ക് കുറ്റം ചെയ്യാൻ ധൈര്യം നൽകുകയാണ്. കേസുമായി മുന്നോട്ടു പോകുവെന്നല്ല കാലതാമസം വരും പിന്മാറുവെന്നാണ് അന്ന് പരാതി നൽകാൻ പോയപ്പോള്‍ എല്ലാവരും പറഞ്ഞത്. അന്ന് സവാദിനെ മാലയിട്ട് സ്വീകരിച്ച മെൻസ് അസോസിയേഷനോട് ഒന്നും പറയാനില്ല. അവര്‍ക്ക് താൻ മാല വാങ്ങി തരാമെന്നും യുവതി പറഞ്ഞു.
അതേസമയം, കേസിൽ അറസ്റ്റിലായ സവാദിനെ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കും. 2023ൽ നെടുമ്പാശേരിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ സഹിതം ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് പരാതി നൽകിയിരുന്നത്. അന്ന് യുവതിക്കെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണം ഉണ്ടായിരുന്നു.
കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ മോശമായി പെരുമാറിയെന്ന കേസിൽ ഇന്നലെയാണ് വടകര സ്വദേശി സവാദ് അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സവാദിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആയിരുന്നു സവാദ് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. 2023-ൽ നെടുമ്പാശേരിയിൽ സമാന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിലായിരുന്നു അന്നത്തെ അറസ്റ്റ്. അന്ന് ഇയാൾക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവം ഏറെ വിവാദമായിരുന്നു.



