Asianet News MalayalamAsianet News Malayalam

Sayoojya : പണം തരാം, എന്റെ ജീവിതമാണത്; മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ്പിനായി സായൂജ്യ കാത്തിരിക്കുന്നു

സായൂജ്യയുടെ ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്‌ടോപ്പാണ് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ് വില്‍പ്പനക്കാര്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടങ്കില്‍ പണം നല്‍കി തിരികെ വാങ്ങാനും സായൂജ്യ തയ്യാറാണ്.
 

Sayoojya searches her missing laptop
Author
Kozhikode, First Published Nov 25, 2021, 10:21 AM IST

കോഴിക്കോട്: മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ് (Laptop)  തിരികെ ലഭിക്കുന്നതിനായി സായൂജ്യ (Sayoojya) കാത്തിരിക്കുകയാണ്. തന്റെ ജീവിതമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നും ലാപ്‌ടോപ് തിരികെ കിട്ടിയാല്‍ പണം തരുമെന്നും ഗവേഷക വിദ്യാര്‍ത്ഥിയും കാഴ്ച പരിമതിയുമുള്ള സായൂജ്യ പറയുന്നു. സായൂജ്യയുടെ ലാപ്‌ടോപ് തിരികെ ലഭിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലയിലെ (Calicut university)  സുഹൃത്തുക്കളും സഹൃദയരും കൂടെയുണ്ട്. സായൂജ്യയുടെ ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്‌ടോപ്പാണ് മോഷണം പോയത്. മോഷ്ടിക്കപ്പെട്ട ലാപ്‌ടോപ് വില്‍പ്പനക്കാര്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടങ്കില്‍ പണം നല്‍കി തിരികെ വാങ്ങാനും സായൂജ്യ തയ്യാറാണ്.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് തൃശൂര്‍ സ്വദേശിയായ സായൂജ്യ. കാഴ്ച പരിമിതിയുള്ളതിനാല്‍ പ്രത്യേക സോഫ്റ്റ് വെയറുകളും മറ്റും ഉപയോഗിച്ചാണ് ഗവേഷണം. വര്‍ഷങ്ങളായി ശേഖരിച്ച ഫയലുകളും ഗവേഷണ വിവരവുമെല്ലാം ലാപ്‌ടോപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ബീച്ചില്‍ പോയപ്പോഴാണ് ലാപ്‌ടോപ് നഷ്ടപ്പെട്ടത്. കാറിന്റെ പിന്‍സീറ്റിലാണ് ലാപ് സൂക്ഷിച്ചിരുന്നത്. അവിടെ നിന്നാണ് മോഷണം പോയത്. അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലാപ്‌ടോപ് തിരിച്ചുകിട്ടാനായി സോഷ്യല്‍മീഡിയ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് സുഹൃത്തുക്കള്‍.
 

Follow Us:
Download App:
  • android
  • ios