ദളിത് യുവാവിനെതിരായ അതിക്രമം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്ത് കൊണ്ടുവന്നത്. പൊലീസിൽ നിന്ന് ഭീഷണി ഇപ്പോഴും ഉണ്ടെന്ന് രാജീവ് പറഞ്ഞു. 

തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ തെന്മലയിലെ ദളിത് യുവാവിനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ കേസെടുത്ത് പട്ടികജാതി കമ്മീഷൻ. എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. ദളിത് യുവാവിനെതിരായ അതിക്രമം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്ത് കൊണ്ടുവന്നത്. പൊലീസിൽ നിന്ന് ഭീഷണി ഇപ്പോഴും ഉണ്ടെന്ന് മർദ്ദനമേറ്റ കൊല്ലം തെൻമല സ്വദേശി രാജീവ് പറഞ്ഞു. 

പരാതി നല്‍കാനെത്തിയ രാജീവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനിൽ കെട്ടിയിട്ട എസ്ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന് അന്വേഷണ റിപ്പോർട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

അന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് സംഭവിച്ചത്...

ഫെബ്രുവരി മൂന്നിന് തെൻമല സ്റ്റേഷനിൽ വെച്ചാണ് സംഭവമുണ്ടായത്. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിലെ പരാതി നല്‍കാനാണ് രാജീവ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ രസീത് ചോദിച്ചതിനാണ് സിഐ വിശ്വംഭരൻ കരണത്തടിച്ചത്. രാജീവിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ഫോണിൽ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു. ഇതുമനസിലാക്കിയ പൊലീസ്, സ്റ്റേഷന്‍ ആക്രമണത്തിന് രാജീവിനെതിരെ കേസെടുത്ത് തന്ത്രപൂര്‍വ്വം ഫോണ്‍ കൈക്കലാക്കി, തൊണ്ടി മുതലാക്കി. ഫോണിലെ ദൃശ്യങ്ങള്‍ മായ്ക്കാൻ രാജീവിനേയും കൊണ്ട് പുനലൂരിലെ മൊബൈല്‍ ഷോപ്പുകളില്‍ പൊലീസ് കയറിയിറങ്ങി. തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സിഐ വിശ്വംഭരന്‍റെ നിര്‍ദേശപ്രകാരം എസ്ഐ രഹസ്യമായി ഒത്ത് തീര്‍പ്പിനെത്തിയിരുന്നു.

പക്ഷേ വഴങ്ങാതിരുന്ന രാജീവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് പൊലീസിന് വീഴ്ച ഉണ്ടായെന്ന് ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. രാജീവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്റ്റേഷനില്‍ കെട്ടിയിട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് സേനയ്ക്ക് കളങ്കം വരുത്തിയ സിഐ വിശ്വംഭരൻ, എസ്ഐ ശാലു എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ കഴിഞ്ഞ അഞ്ച് മാസമായിട്ടും നടപടി ഉണ്ടായിട്ടില്ല.

YouTube video player.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona