വകുപ്പിലെ ക്ലർക്കും രണ്ട് എസ് സി പ്രമോട്ടർമാരും ചേർന്നാണ് 75 ലക്ഷത്തിലേറെ രൂപ തട്ടിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് കൊണ്ടുവന്നത്. 

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കുളള സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പട്ടികജാതി - പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് അടുത്ത ബുധനാഴ്ച ഹാജരാക്കാന്‍ കമ്മീഷൻ നിർദ്ദേശിച്ചു. പട്ടിക ജാതി പട്ടികവർഗ ഡയറക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും നഗരസഭാ സെക്രട്ടറിയോടുമാണ് കമ്മീഷൻ റിപ്പോട്ട് തേടിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി.

പഠനമുറി ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ വ്യാജ അക്കൗണ്ടുണ്ടാക്കി ഒരു ക്ലാർക്കും രണ്ട് പ്രമൊട്ടർമാരും ചേർന്ന് തട്ടിയെടുത്തെന്നാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയത്. നേരത്തെ സീറ്റിലിരുന്ന ക്ലർക്ക് വീരണകാവ് സ്വദേശി രാഹുൽ ആറും പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ എന്നിവരും ചേർന്നാണ് തട്ടിപ്പ് നടത്തിയെന്നാണ് വകുപ്പിന്‍റെ കണ്ടെത്തൽ. 75 ലക്ഷത്തിലേറെ രൂപയാണ് ഇവര്‍ തട്ടിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona