ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിയതോടെ കൊവിഡ് വോളണ്ടിയർമാർക്ക് ക്ഷാമം. ആവശ്യത്തിന് വനിത വോളണ്ടിയർമാരെ കിട്ടാനാണ് കൂടുതൽ ബുദ്ധിമുട്ട്. നിരവധി പേർ വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പലരും വിളിക്കുമ്പോൾ വരുന്നില്ലെന്നാണ് പരാതി.

കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവ‍ർത്തകർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നവരാണ് കൊവിഡ് വോളണ്ടിയർമാർ. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ പാർപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ കാര്യങ്ങളെല്ലാം നോക്കുന്നത് വോളണ്ടിയർമാരാണ്. രജിസ്റ്റർ ചെയ്ത യുവാക്കളിൽ വലിയൊരു ശതമാനത്തിനും സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിലും വീട്ടുകാർ സമ്മതിക്കാത്തതാണ് പ്രശ്നം. 

എന്നാൽ, കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രവ‍ർത്തിക്കുന്നതിനാൽ ആശങ്ക വേണ്ടെന്ന് വോളണ്ടിയർമാർ പറയുന്നത്. സംസ്ഥാന സർക്കാരിന്‍റെ സാമൂഹിക സന്നദ്ധസേന എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ വോളണ്ടിയറായി പ്രവ‍ർത്തിക്കാം. വരും ദിവസങ്ങളിൽ കൂടുൽ പേർ സേവനത്തിനായി രംഗത്ത് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ.