കോഴിക്കോട്: മലയോരത്ത് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുക്കം നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് മുക്കം നഗരസഭ ചെയർമാൻ അറിയിച്ചു. അംഗനവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

എച്ച്1 എന്‍1 പടര്‍ന്നുപിടിച്ച കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് തുടരുകയാണ്. ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പില്‍ പനി ലക്ഷണങ്ങളുളള നൂറിലേറെ പേര്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിലും തൊട്ടടുത്ത എല്‍പി സ്കൂളിലുമായി പടര്‍ന്നത് എച്ച്1 എന്‍1 വൈറസെന്ന സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യ വകുപ്പ് സ്കൂളിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുളള ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഉച്ചവരെ വിവിധ ക്യാമ്പുകളിലായി പനി  ലക്ഷണങ്ങളുമായി നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തി.  ക്യാമ്പിലെത്താന്‍ കഴിയത്തവര്‍ക്ക് വീടുകളിലെത്തി ചികിത്സ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.