ദില്ലി: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സ്കൂൾ ജീവനക്കാരൻ പിടിയിൽ. ദില്ലിയിലെ ഗ്രേറ്റ‌ർ കൈലാഷിയിലെ സ്വകാര്യസ്കൂളിലാണ് സംഭവം. സ്കൂളിലെ ശുചീകരണ തൊഴിലാളിയായ പിച്ച മുത്തുവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ ദില്ലി വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ സംശയം തോന്നിയ മാതാവ് വിശദമായി പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ശരീരത്തില്‍ നിരവധി പാടുകള്‍ കണ്ടെത്തിയതോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   പിന്നാലെ ‍‍ഡോക്ടര്‍മാരുടെ പരിശോധനയില്‍ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് സ്ഥിരീകരിക്കുകയായിരുന്നു.  

സ്കൂളധികൃതര്‍ വിശദമായി അന്വേഷണം നടത്തി. കുട്ടിയെ കൗണ്‍സിലിംഗിനും വിധേയയാക്കി. ഇതോടെയാണ് കുട്ടിയെ പീഡിപ്പിച്ചത്  സ്‌കൂളിലെ തൂപ്പുകാരനായ പിച്ച മുത്തുവാണെന്ന് കണ്ടെത്തിയത്. ശുചിമുറിയിൽ   വച്ചും കമ്പ്യൂട്ടർ റൂമിൽ വച്ചും നിരവധി തവണ ഇയാള്‍  പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്തുടർന്ന് പിച്ച മുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് നിരവധി തവണ  കുട്ടിയെ പീഡിപ്പിച്ചെന്ന് പ്രതി പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  പെൺകുട്ടിയെയും കൊണ്ട് ശുചിമുറിലേക്ക് ഇയാൾ കയറിപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി പിടിയിലായതോടെ കൂടുതൽ മാതാപിതാക്കൾ പരാതികളുമായി  രംഗത്ത് എത്തിയിട്ടുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. 45 വയസ്സുകാരനായ പിച്ച മുത്തു 2008 മുതൽ സ്കൂളിലെ ജീവനക്കാരാനാണ്. പ്രതിയായ പിച്ച മുത്തുവിന്  മൂന്നു പെൺമക്കളാണ്.