ഒരു മുന്നണിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന ഘടകം കൂടിയാലോചന തുടരുകയാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി. ഇടതുപക്ഷം വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത് അവരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി. ആർക്കാണ് പിന്തുണയെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും എം കെ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംസ്ഥാന ഘടകം കൂടിയാലോചന തുടരുകയാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞത് അവരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ലാപ്പിലും ഡീൽ വിവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. എസ്ഡിപിയുടെ പിന്തുണ സംബന്ധിച്ച വിവാദം മുറുകുകയാണെങ്കിലും വോട്ട് വേണ്ട എന്നല്ല വോട്ട് വേണം എന്ന് തന്നെയാണ് സിപിഎമ്മിന്റെ നേതാക്കൾ പറയുന്നത്. എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടല്ലല്ലോ വോട്ട് സ്വീകരിക്കുന്നത് എന്നാണ് ന്യായീകരണം. എസ്ഡിപിഐ വോട്ട് വേണ്ട എന്ന് നേരത്തെ ആണയിട്ട് പറഞ്ഞ കെ ടി ജലീലിനെ പോലുള്ള സ്ഥാനാർത്ഥികളും മലക്കം മറഞ്ഞിട്ടുണ്ട്. ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് മാധ്യമങ്ങളോട് ഇവർ പ്രതികരിച്ചത്.
അതേസമയം, പ്രസാധകൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം കെ ഫൈസി കേരളത്തിൽ ഒരു മുന്നണിയുമായി സഖ്യം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. പിന്തുണ ഇടതുമുന്നണിക്കാണെന്ന സൂചന നൽകുന്നുണ്ടെങ്കിലും എം കെ ഫൈസി അടക്കമുള്ള നേതാക്കൾ നിലപാട് തെളിച്ചു പറയുന്നില്ല. കഴിഞ്ഞ ദിവസം എസ്ഡിപിഐ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അത്തരം ചോദ്യങ്ങൾ ചോദിക്കും മുമ്പ് തന്നെ വാർത്ത സമ്മേളനം അവസാനിപ്പിച്ചു പോവുകയായിരുന്നു.

