Asianet News MalayalamAsianet News Malayalam

കടലാക്രമണം: തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ നൽകും

കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചർച്ച ചെയ്ത ശേഷമാണ് സൗജന്യ റേഷൻ നൽകാനുള്ള തീരുമാനമെടുത്തത്

sea havoc, one month free ration will be provided on coastal area
Author
Thiruvananthapuram, First Published Apr 26, 2019, 10:46 AM IST

തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെയാണ് റേഷൻ നൽകുക. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. 

തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നുള്ള ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ റേഷൻ തീരദേശത്ത് മുഴുവൻ നൽകാനുള്ള തീരുമാനമെടുത്തത്. കടൽ ക്ഷോഭത്തിൽ തുറമുഖ വകുപ്പിന്‍റെ ഒരു പഴയകെട്ടിടമടക്കം തകർന്നു വീണു. രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നാണ്  കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. 

ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിന്‍റെ തീരത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. വലിയതുറയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടൽ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം ഇരുപതിലധികം വീടുകളിൽ വെള്ളം കയറി. നാട്ടുകാർ വീട് വിട്ടോടി. 250 മീറ്റർ ദൂരം കരയിലേക്ക് തിരമാലകളെത്തി.

sea havoc, one month free ration will be provided on coastal area

എല്ലാ വർഷവും കടലാക്രമണമുണ്ടാവാറുണ്ടെന്നും ഇത് തടയാൻ ഫലപ്രദമായ സംവിധാനമില്ലാത്താണ് സ്ഥിതി രൂക്ഷമാവാൻ കാരണമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. വീടുകൾ സംരക്ഷിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് താൽക്കാലിക സംരക്ഷണ ഭിത്തി ഉണ്ടാക്കുകയാണ് ഇവർ ഇപ്പോൾ.

ഇന്ന് രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാലയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിലയത്തിന്‍റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് കടലിൽ വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. ഇന്ത്യൻ മഹാ സമുദ്രത്തിന്‍റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കടൽക്ഷോഭത്തിന്  കാരണം.

 ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്തമഴയും പെയ്യാം.

Follow Us:
Download App:
  • android
  • ios