Asianet News MalayalamAsianet News Malayalam

നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍

നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍.  നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്  ഫോണിനായി പലിശരഹിത വായ്പ. കെ ഡിസ്ക് വഴി 20 ലക്ഷം പേര്‍ക്ക് തൊഴിലും കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് 200 കോടിയുടെ ധനസഹായവും ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.
 

second Pinarayi government announced the 100 day action plan
Author
Kerala, First Published Jun 11, 2021, 7:57 PM IST

തിരുവനന്തപുരം: നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍.  നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്  ഫോണിനായി പലിശരഹിത വായ്പ. കെ ഡിസ്ക് വഴി 20 ലക്ഷം പേര്‍ക്ക് തൊഴിലും കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് 200 കോടിയുടെ ധനസഹായവും ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെവ വാക്കുകൾ

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുകയും  അതിന്റെ  വിശദാംശങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുകയുമെന്ന  കീഴ് വഴക്കമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍  ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചത്.  ഭരണകൂടവും ജനങ്ങളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ ജനാധിപത്യത്തിന്‍റെ അന്തഃസത്ത ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. വികേന്ദ്രീകൃത ജനാധിപത്യ ഭരണക്രമത്തിലൂടെ നമ്മുടെ സംസ്ഥാനം  ലോക ശ്രദ്ധയിലേക്കാണുയര്‍ന്നത്. സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം അനിവാര്യമായ തുടര്‍പ്രക്രിയയാണെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കുന്നതിലും കേരളം മുന്നില്‍തന്നെ നില്‍ക്കുകയാണ്.
 
പ്രകടനപത്രിക നടപ്പാക്കാനുള്ളതാണ്.  അതിന്റെ പുരോഗതി ഓരോ ഘട്ടത്തിലും  ജനങ്ങള്‍ അറിയണം. ഇത് കഴിഞ്ഞ സര്‍ക്കാര്‍ വിട്ടുവീഴ്ച കൂടാതെ തുടര്‍ന്ന സമീപനമാണ്. അതേ രീതി ഈ സര്‍ക്കാരും അവലംബിക്കും എന്ന ഉറപ്പിന്‍റെ ഭാഗം കൂടിയായി ഒരു കര്‍മ്മ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടി  ഇന്നിവിടെ പ്രഖ്യാപിക്കുകയാണ്.

കൊവിഡ് - 19 മഹാമാരിയുടെ ആരംഭഘട്ടത്തില്‍ രോഗവ്യാപനം തടയാനായി ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവന്നു.  അതിന്റെ ഫലമായി  സമ്പദ്ഘടന തളര്‍ന്നു.  തൊഴിലവസരങ്ങളുടെ നഷ്ടമുണ്ടായി.   അതിന്റെ ആഘാതം നേരിടാന്‍ സാമ്പത്തിക ഉത്തേജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികള്‍ കഴിഞ്ഞവര്‍ഷം രണ്ടുഘട്ടമായി നടപ്പിലാക്കിയ 100 ദിനപരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.  

കൊവിഡി ന്‍റെ രണ്ടാം തരംഗത്തിന്‍റെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നു.

ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍  കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ്  പ്രാധാന്യം നല്‍കുന്നത്.  ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം. 

അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും.  കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്‍റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നത്.

പദ്ധതികളിങ്ങനെ....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് (അമൃത് പദ്ധതിപ്രകാരം) തുടങ്ങും. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക്  20,000 ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റികള്‍ (എഡിഎസ്) വഴി  200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും.

യാത്രികര്‍ക്കായി 100  ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സുകള്‍ തുറക്കും.  ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പ് വിതരണം തുടങ്ങും. കണ്ണൂര്‍ കെഎംഎം. ഗവണ്‍മെന്‍റ് വിമന്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് കോളേജ്, പാലക്കാട്, മട്ടന്നൂര്‍, ഗവണ്‍മെന്‍റ് പോളിടെക്നിക്കുകള്‍, പയ്യന്നൂര്‍ വനിത പോളിടെക്നിക്, എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ മോഡല്‍ പോളി ടെക്നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകള്‍ പൂര്‍ത്തീകരിച്ച് തുറക്കും.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ച് കോടി രൂപയുടെ 20 സ്കൂളുകളും മൂന്ന് കോടി രൂപയുടെ 30 സ്കൂളുകളും പ്ലാന്‍ ഫണ്ട് മുഖേന നിര്‍മ്മാണം പൂര്‍ത്തിയായ 40 സ്കൂളുകളുമടക്കം  90 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. 43 ഹയര്‍ സെക്കന്‍ഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവന്‍സ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും. സ്കൂളുകളില്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവിഷ്കരിച്ച് നടപ്പാക്കും. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകളില്‍ പുസ്തകം എത്തിക്കുന്നതിന്‍റെ ഭാഗമായി 'വായനയുടെ വസന്തം' പദ്ധതി ആരംഭിക്കും.

സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ആഗസ്റ്റ് 31-നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനില്‍ കൊണ്ടുവരാനുള്ള നടപടികളെടുക്കും. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുരാതന മോസ്ക് ആയ മാക്വം മസ്ജിദ് പുനരുദ്ധാരണം, ലിയോ തേര്‍ട്ടീന്‍ത് സ്കൂള്‍ പുനരുദ്ധാരണം,
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഗോതുരുത്തിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയുടെ അനുബന്ധ ഭാഗം നിര്‍മ്മിക്കല്‍, ചേന്ദമംഗലത്തെ 14ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഹോളി ക്രോസ് പള്ളിയുടെ സംരക്ഷണം,  പുരാതന മസ്ജിദായ ചേരമാന്‍ ജുമാ മസ്ജിദിന്‍റെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തിയാക്കും. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ ഡിജിറ്റല്‍ ലാംഗ്വേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യും.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗ്ഗരേഖ മെയ് 20ന് സത്യപ്രതിജ്ഞക്കുശേഷം ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രഖ്യാപിച്ചിട്ടുണ്ട്.    ഈ നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.   20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെഡിസ്കിന്‍റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍  അഞ്ച് പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും.  വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്.    

വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2,000, വനിതാവികസന കോര്‍പ്പറേഷന്‍ 2,500, പിന്നോക്കവികസന കോര്‍പ്പറേഷന്‍ 2,500,  പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍  2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ്  7,000 (യുവ വനിതാ സംരംഭകത്വ പരിപാടി  5000, സൂക്ഷ്മ സംരംഭങ്ങള്‍  2000),  ആരോഗ്യവകുപ്പ്  4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്  350 (പരോക്ഷമായി), ഗതാഗത വകുപ്പ്  7500,  റവന്യൂ വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വ്വേയുടെ ഭാഗമായി 26,000 സര്‍വ്വേയര്‍, ചെയിന്‍മാന്‍ എന്നിവരുടെ തൊഴിലവസരങ്ങള്‍  അടങ്ങിയിട്ടുണ്ട്. 

നൂറുദിനപരിപാടിയുടെ  നടപ്പാക്കല്‍പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം അറിയിക്കും.   വന്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്  (ആര്‍ കെ ഐ).  ഇതിനായി  അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജര്‍മ്മന്‍ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് (എ ഐ ഐ ബി) എന്നിവയില്‍ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.  സംസ്ഥാന വിഹിതം കൂടി ചേരുമ്പോള്‍  ആർകെഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും. അതില്‍ വരുന്ന നൂറു ദിനങ്ങളില്‍ 945.35 കോടി രൂപയുടെ 9 റോഡ് പ്രവര്‍ത്തികള്‍ ആരംഭിക്കും.

പത്തനംതിട്ട-അയിരൂര്‍ റോഡ്  (107.53 കോടി),ഗാന്ധിനഗര്‍-മെഡിക്കല്‍ കോളേജ് റോഡ് (121.11 കോടി)
കുമരകം-നെടുമ്പാശ്ശേരി റോഡ്  (97.88 കോടി), മൂവാറ്റുപുഴ-തേനി സ്റ്റേറ്റ് ഹൈവേ  (87.74 കോടി), തൃശൂര്‍-കുറ്റിപ്പുറം റോഡ് (218.45 കോടി), ആരക്കുന്നം-ആമ്പല്ലൂര്‍-പൂത്തോട്ട-പിറവം റോഡ് (31.40 കോടി),  കാക്കടശ്ശേരി-കാളിയാര്‍ റോഡ്  (67.91 കോടി), വാഴക്കോട്-പ്ലാഴി റോഡ്   (102.33 കോടി), വടയാര്‍-മുട്ടുചിറ റോഡ്  (111.00 കോടി).

 പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളില്‍ 1519.57 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. തലശ്ശേരി-കളറോഡ് റോഡ്  (156.33 കോടി), കളറോഡ്  -വളവുപാറ റോഡ് (209.68 കോടി)
പ്ലാച്ചേരി-പൊന്‍കുന്നം റോഡ് (248.63 കോടി) കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കല്‍ പാലം  (146 കോടി രൂപ). ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാല്‍പ്പെട്ടി, പുല്ലൂര്‍ എന്നിവിടങ്ങളില്‍ ആറ് മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ( 26.51 കോടി).   200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികള്‍ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.

കണിയാമ്പറ്റ-മീനങ്ങാടി റോഡ്, (44 കോടി),  കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ്, (36.64 കോടി), കല്ലട്ക്ക-പെർള-ഉക്കിനട റോഡ്, (27.39 കോടി), ഈസ്റ്റ് ഹില്‍ -ഗണപതിക്കാവ്  -കാരപ്പറമ്പ റോഡ്, (21 കോടി), മാവേലിക്കര പുതിയകാവ്പള്ളിക്കല്‍ റോഡ്, (18.25 കോടി), കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് (16.83 കോടി), ശിവഗിരി റിംഗ് റോഡ് (13 കോടി),   അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് (11.99 കോടി) അടൂര്‍ ടൗണ്‍ ബ്രിഡ്ജ് (11 കോടി) എന്നിവയാണിത്.

കൃഷിവകുപ്പിന്റെ  നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി വിത്തുകള്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചിട്ടുണ്ട്. സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറില്‍ ജൈവകൃഷി ആരംഭിക്കും. 100 അര്‍ബന്‍ സ്ട്രീറ്റ് മാക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവര്‍ഗ വിത്തുകള്‍ വിതരണം ചെയ്യും. 150 ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കും
വ്യവസായ സംരംഭകര്‍ക്ക് ഭൂമി ലീസില്‍ അനുവദിക്കാന്‍ സംസ്ഥാന തലത്തില്‍ ഏകീകൃത നയം പ്രഖ്യാപിക്കും.

കുട്ടനാട് ബ്രാന്‍ഡ് അരി  മില്ലിന്‍റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട്  ഇഎംഎല്‍ ഏറ്റെടുക്കും.  ഉയര്‍ന്ന ഉല്‍പാദന ശേഷിയുള്ള 10 ലക്ഷം കശുമാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും.  കാഷ്യൂ ബോര്‍ഡ്  8000 മെട്രിക് ടണ്‍ കശുവണ്ടി ലഭ്യമാക്കി 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും

12000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും. തണ്ടപ്പേര്‍, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാന്‍ ഓണ്‍ലൈന്‍ മോഡ്യൂള്‍ പ്രാവര്‍ത്തികമാക്കും. ലൈഫ് മിഷന്‍ 10,000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും.  വിദ്യാശ്രീ പദ്ധതിയില്‍  50,000 ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും.  നിലാവ് പദ്ധതി  200 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios