തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തതിന്‍റെ രേഖകളുമെന്ന് പൊലീസ് . അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറുടെ പരാതിയിലാണ് കൺഡോണമന്‍റ് പൊലീസ് കേസെടുത്തിട്ടുള്ളത്.

പൊതുഭരണവകുപ്പിലുണ്ടായ തീപ്പിടുത്തിന് കാരണം സ്വച്ചിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം. തീപിടിത്തം അന്വേഷിക്കുന്ന പൊലീസ് സംഘവും ഉദ്യോഗസ്ഥ സംഘവും സെക്രട്ടറിയേറ്റിൽ തെളിവെടുപ്പ് നടത്തി. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അന്തിമ വിലയിരുത്തലിൽ എത്താനാകൂ എന്നാണ് അന്വേഷണസംഘങ്ങളുടെ പ്രതികരണം. 

രാവിലെ ഏഴ് മണിക്ക് തന്നെ തെളിവെടുപ്പ് തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി മനോജ് എബ്രഹാമിന്‍റെ ദുരന്ത നിവാരണ കമ്മീഷണർ എ.കൗശിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘവമാണ് നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിൽ തെളിവെടുപ്പ് നടത്തിയത്. ആഴ്ചകളായി കേടായി കിടന്നിരുന്ന ഫാനിന്‍റെ സ്വിച്ചിൽ നിന്നാണ് തീപടർന്നതെന്നാണ്  സംശയം. തീപിടിച്ച ഫാൻ നിലത്തുവീണിരുന്നു. 

യഥാർത്ഥ കാരണം വ്യക്തമാകണമെങ്കിൽ ശാസത്രീയ പരിശോധനകളുടെ ഫലമറിയണം. ഫോറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇന്നലെ തന്നെ തീപ്പിടുത്തമുണ്ടായ സ്ഥലം അന്വേഷണ സംഘം സീൽ ചെയ്ത് ദൃശ്യങ്ങൾ പകർത്തിയിരുന്നു.