രാജ്യദ്രോഹ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ഐഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണം നടത്തിയത്.

കൊച്ചി: രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജതെളിവുകള്‍ സൃഷ്ടിക്കാൻ നീക്കമുണ്ടെന്ന ആരോപണവുമായി ഐഷ സുല്‍ത്താന ഹൈക്കോടതിയിൽ. തന്‍റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധനയ്ക്കായി ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹമാണ്. ഐടി വിദഗ്ധരുടെ സഹായത്തോടെ മൊബൈലിലും ലാപ്ടോപ്പിലും നിഷ്പ്രയാസം തിരിമറികൾ നടത്താമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഐഷ വ്യക്തമാക്കുന്നു.

രാജ്യദ്രോഹ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ഐഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണം നടത്തിയത്. ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്തെന്നുമായിരുന്നു ആരോപണം. എന്നാൽ കവരത്തി പൊലീസിന്‍റെ ആരോപണം തള്ളിയ ഐഷ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ ശ്രമമുണ്ടെന്ന് ആരോപണം ഉയർത്തുകയാണ്. ബയോവെപ്പൺ പരാമർശവുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും തന്‍റെ ഫോൺ, ലാപ്ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ഇവ ആരുടെ കൈയ്യിലാണെന്ന് പോലും തനിക്കറിയില്ല. കോടതി അറിയാതെയാണ് ഇവ ഗുജറാത്തില്‍ പരിശോധനയ്ക്ക് അയച്ചെന്നാണ് അറിയുന്നത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് സ്വാധീനമുള്ള ഗുജറാത്തിലേക്ക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ഐഷ പറയുന്നു.

പരിശോധന ഫലത്തില്‍ തിരിമറിക്ക് സാധ്യതയുണ്ടെന്നും ഐഷയുടെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഗൂഡാലോചനയുണ്ടെന്ന വാദവും ഐഷ സുല്‍ത്താന തള്ളി. ചാനൽ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സമയത്ത് തന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്‍റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതിന്‍റെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona