Asianet News MalayalamAsianet News Malayalam

'ഈ ഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലോ? പ്രിയനെ ലാൽ സലാം': സൈമൺ ബ്രിട്ടോയെക്കുറിച്ച് സീനാ ഭാസ്കർ

''ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളിൽ നമ്മൾ ഉൽക്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നു.'' സീന പറയുന്നു.

Seena bhaskar remembers husband simon britto
Author
Trivandrum, First Published Dec 31, 2019, 11:06 AM IST

സിപിഎം നേതാവും മുൻ‌ എംഎൽഎയും ആയിരുന്ന സൈമൺ ബ്രിട്ടോ അന്തരിച്ചിട്ട് ഒരു വർഷം പൂർത്തിയായെന്ന് ഭാര്യ സീനാ ഭാസ്കർ. തന്റെ ഫേസ്ബുക്ക് കുറിപ്പ് സീന ഇങ്ങനെ ആരംഭിക്കുന്നു. ''പ്രിയ ബ്രിട്ടോ, ധൃതി പിടിച്ചുള്ള എഴുത്തും രാഷ്ട്രീയ ചർച്ചയും സാമൂഹ്യ പ്രശ്നങ്ങളിലെ ഇടപെടലും നിതാന്തമായ യാത്രയും അവസാനിപ്പിച്ചിട്ടിന്ന് 365 ദിവസമായിരിക്കുന്നു.'' ഫേസ്ബുക്ക് കുറിപ്പിലൂടെ ബ്രിട്ടോയെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുകയാണ് സീനാ ഭാസ്കർ. നിലവിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥകളെക്കുറിച്ചാണ് സീന ഫേസ്ബുക്ക് കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ''ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളിൽ നമ്മൾ ഉൽക്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നു.'' സീന പറയുന്നു.

''വായനയുടേയും എഴുത്തിന്റെയും ലോകത്തെ ഭയപ്പെടുന്ന ഭരണകൂടം. ജനാധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ ചർച്ചയിൽ ബ്രിട്ടോ ഉൽക്കണ്ഠപ്പെട്ടിരുന്ന ഭരണഘടനാ മാറ്റം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. മതേതര ഭരണഘടനയെ മതത്തിന്റേതാക്കി പരിവർത്തനം ചെയ്യാനുള്ള നിയമം പാസാക്കി. ഇനിയതു നടപ്പിലാക്കുന്നതിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ഡീറ്റെൻഷൻ ക്യാമ്പുകളുടെ പണി ആരംഭിച്ചു കഴിഞ്ഞു.'' സീനയുടെ കുറിപ്പിലെ വരികൾ തുടരുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയ ബ്രിട്ടോ, ധൃതി പിടിച്ചുള്ള എഴുത്തും രാഷ്ട്രീയ ചർച്ചയും സാമൂഹ്യ പ്രശ്നങ്ങളിലെ ഇടപെടലും നിതാന്തമായ യാത്രയും അവസാനിപ്പിച്ചിട്ടിന്ന് 365 ദിവസമായിരിക്കുന്നു. ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളിൽ നമ്മൾ ഉൽക്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നു. നിലാവിന്റെ പാട്ടും ഡാൻസും വരയുമെല്ലാം നിന്നു പോയി. പുന:രാരംഭിക്കണമെന്നാഗ്രഹത്തിലാണ് മുന്നോട്ടു പോകുന്നത്.

കഴിഞ്ഞൊരു വർഷം എത്രയെത്ര പ്രിയപ്പെട്ടവരാണ് ഞങ്ങളെ വിട്ടു പോയത്. ഓരോ നേരം പുലർച്ചയും ആധിയും വ്യാധിയും ചാലിച്ച് കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നു. ആർക്ക് ആരെ വേണമെങ്കിലും തടങ്കലിലാക്കാം... ശബ്ദമില്ലാത്ത ജനതയെ വാർത്തെടുക്കുവാനുള്ള പരിശ്രമത്തിൽ നമ്മുടെ വിദ്യാർത്ഥി സമൂഹത്തെ ദ്രുതഗതിയിൽ സ്വാധീനിയ്ക്കാനാവുന്നില്ല.

വായനയുടേയും എഴുത്തിന്റെയും ലോകത്തെ ഭയപ്പെടുന്ന ഭരണകൂടം... ജനാധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ ചർച്ചയിൽ ബ്രിട്ടോ ഉൽക്കണ്ഠപ്പെട്ടിരുന്ന ഭരണഘടനാ മാറ്റം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. മതേതര ഭരണഘടനയെ മതത്തിന്റേതാക്കി പരിവർത്തനം ചെയ്യാനുള്ള നിയമം പാസാക്കി. ഇനിയതു നടപ്പിലാക്കുന്നതിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ഡീറ്റെൻഷൻ ക്യാമ്പുകളുടെ പണി ആരംഭിച്ചു കഴിഞ്ഞു.

ഇന്ദിരാഗാന്ധി ഒറ്റ രാത്രി കൊണ്ട് അടിയന്തിരാവസ്ഥ കൊണ്ടുവന്ന് ജനാധിപത്യത്തെ വിറപ്പിച്ചെങ്കിൽ മോഡീ ഷാ കൂട്ടുകെട്ട് വളരെ ബുദ്ധി പൂർവ്വം ജനങ്ങളെ പല തട്ടുകളിലാക്കി തിരിച്ചു കൊണ്ട് കുരങ്ങൻ അപ്പം പകുത്തകഥ പോലെ ജനങ്ങളെ തമ്മിലടിപ്പിച്ച് നോക്കുകുത്തിയാക്കി, എല്ലാം വിഴുങ്ങുന്നു.

പൗരത്വാവകാശം തെളിയിക്കുന്നതിനായി സർക്കാർ സംവിധാനത്തിൽ ജനങ്ങൾക്ക് നൽകിയ ബയോമെട്രിക് രേഖയോടു കൂടിയ ആധാർ, പാസ്പോർട്ട്, ഇലക്ഷൻ ഐഡി, പാൻ കാർഡ് ഇതൊന്നും തെളിവല്ല. ഇതിനായി ബ്യൂറോക്രസിയെ ഉപയോഗിച്ച് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നു. ഇതോടെ ഒന്നു വ്യക്തമായി പരസ്പരം പക തീർത്തും പാര പണിതും പല സ്വാധീനങ്ങൾ ചെലുത്തിയും ഒരാളെ പൗരനല്ലാതാക്കി എങ്ങനെ മാറ്റാമെന്ന പണിയക്കായി അണിയറ ഒരുക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. പൗരനല്ലാതാകുന്നതോടുകൂടി അയാളുടെ സ്വന്തം വീടും മറ്റു സ്ഥാവരജംഗമ സ്വത്തുക്കളും കണ്ടു കെട്ടി ഡീറ്റെൻഷൻ ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും തള്ളിവിടും. (അസമിൽ സംഭവിച്ചതു പോലെ ) . പിന്നെ ട്രിബൂണൽ വഴി പൗരത്വം തിരിച്ചുപിടിക്കാൻ ഒരു ജന്മം കൊണ്ട് ഒരു വ്യക്തിയ്ക്കാവുമെന്നു തോന്നുന്നില്ല. രാജ്യം സാമ്പത്തികമായും വംശീയമായും ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മത രാഷ്ട്രമാവുമ്പോൾ ആദ്യം പുറത്താവുക മതേതരത്വത്തോടെ ജീവിയ്ക്കുന്നവരായിരിക്കും. പൊതു സമൂഹത്തിൽ ഭൂരിപക്ഷം പേർക്കും ഇതിന്റെ ഗൗരവം മനസിലാകുന്നില്ല...

മോഡീഷാ കുതന്ത്രങ്ങൾ ആദ്യം തേടിയെത്തിയത് വിദ്യാഭ്യാസ മേഖലയെയായിരുന്നു. കേവലം വിദ്യാർത്ഥികൾ മാത്രമെ ചെറുക്കാനുണ്ടായിരുന്നുള്ളൂ; പിന്നെ തൊഴിലാളികളെ പിടിമുറുക്കി തൊഴിലാളി പ്രസ്ഥാനങ്ങൾ പതിവു പണിമുടക്ക് നടത്തി പ്രതിഷേധ മറിയ്ക്കുന്നു... ഇപ്പോൾ ഓരോ വ്യക്തിയേയും തേടി പൗരത്വം തെളിയിക്കുന്നതിനായി അവർ എത്തിയിരിക്കുന്നു. അപ്പോഴും പോർക്കളത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും യുവജനങ്ങളുമായി ചുരുങ്ങുന്നു. അപകടം തിരിച്ചറിഞ്ഞ് ജനങ്ങൾ വീട് വിട്ടിറങ്ങി തങ്ങളുടെ ഭരണഘടന നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്ന ദു:ഖസത്യം ഞാൻ പോരാട്ടത്തിന്റെ സൂര്യനായ ബ്രിട്ടോയുടെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിയ്ക്കുന്നു...

വിങ്ങി നീറുന്ന ഹൃദയത്തോടെ സഖാവ് ബ്രിട്ടോയുടെ തീഷ്ണമായും ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഒരായിരം രക്ത പുഷ്പങ്ങൾ...

ഈ ഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലൊ... പ്രിയനെ ലാൽ സലാം... 

Follow Us:
Download App:
  • android
  • ios