തങ്ങളുടെ ജീവിത സാഹചര്യങ്ങളോട്‌ ഏറെ ഇണങ്ങിനില്‍ക്കുന്ന ഒന്നാണ്‌ വിദ്യാലയമെന്ന തിരിച്ചറിവും അതിലൂടെ ആത്മവിശ്വാസും കുട്ടികളില്‍ ഉണ്ടാക്കാന്‍ ഈ ചിത്രങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ അഭിപ്രായമുയരുന്നത്‌.

അഗളി: ചുവരുകളില്‍ സെളിമെ കാല ഒരുക്കിയാണ്‌ അഗളി ജിഎല്‍പി സ്‌കൂള്‍ ഇക്കുറി വിദ്യാര്‍ത്ഥികളെ വരവേറ്റത്‌. മൂപ്പനും മൂപ്പാത്തിയും പാട്ടനും പാട്ടിയും അഗ്ഗെയും അമ്മിയുമെല്ലാം നിറയുന്ന ചുവര്‍ ചിത്രങ്ങള്‍ കണ്ടതോടെ വിദ്യാര്‍ത്ഥികളും സന്തോഷത്തിലായി. അവരുടെ ജീവിത സാഹചര്യങ്ങളോട്‌ ഏറെ ഇണങ്ങിനില്‍ക്കുന്ന ഒന്നാണ്‌ വിദ്യാലയമെന്ന തിരിച്ചറിവും അതിലൂടെ ആത്മവിശ്വാസും കുട്ടികളില്‍ ഉണ്ടാക്കാന്‍ ഈ ചിത്രങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ അഭിപ്രായമുയരുന്നത്‌. മിത്ര സിന്ധു ആണ്‌ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ അഗളിയിലെ സ്‌കൂള്‍ ചുവരിലെ സെളിമെ കാല വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്‌.

സെളിമെ കാല എന്നാല്‍ സമൃദ്ധിയുടെ കാലം എന്നര്‍ത്ഥം. റാഗിയും ചോളവും വിളഞ്ഞു നില്‍ക്കുന്ന വെള്ളാമെ കാടും (കൃഷിസ്ഥലം) അവിടെ വെത പോടുന്ന (വിത്തിടുന്ന) മണ്ണൂക്കാരനും പെണ്ണും ഒക്കെ ജിഎല്‍പി സ്‌കൂളിന്റെ ചുവരുകളിലെ ചിത്രങ്ങളിലുണ്ട്‌. അഗളി ബിആര്‍സിയുടെ നേതൃത്വത്തിലാണ്‌ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌.

മിത്ര സിന്ധുവിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

ഈ പ്രവേശനോത്സവം അഗളി ജി.എൽ.പി സ്കൂളിന് മറ്റാരേക്കാളും പ്രിയതരമാകും.. പുതിയ കുഞ്ഞുങ്ങൾക്കിനി വിദ്യാലയം അവരുടെ ഊരിൽ നിന്ന് വേറിട്ട ഒന്നാകില്ല. ഇവിടെ അവർക്ക് മൂപ്പാനും മൂപ്പാത്തിയും പാട്ടനും പാട്ടിയും അഗ്ഗെയും അമ്മിയുമെല്ലാമുണ്ട്.. ഊരിൽ അവരോടൊപ്പം കളിച്ചു നടന്ന കുഞ്ഞാടും നായ്ക്കുട്ടിയും ഒപ്പമുണ്ട്.. പല വർണ്ണങ്ങളിൽ പാറി നടക്കാൻ വിണ്ട്റും (പൂമ്പാറ്റ) ജീനക്കോലും (തുമ്പി) നിറം മാറുന്ന ഓത്തിയുമുണ്ട്.( ഓന്ത് )ചിൽ ചിൽ തുള്ളിക്കളിക്കുന്ന സണ്ണെക്കുട്ടൻ (അണ്ണാൻ )മാരുമുണ്ട്.

പാട്ടി പറഞ്ഞു തന്ന 'സെളിമെ കാല'ത്തെ റാഗിയും ചാമയും ചോളവും വിളഞ്ഞു നിൽക്കുന്ന "വെള്ളാമെ കാട് " (കൃഷി സ്ഥലം) . അവിടെ വെത പോടുന്ന (വിത്തിടുന്ന ) മണ്ണൂക്കാരനും പെണ്ണും,മാടോട്ടുന്നവരും കെളെ വീസുന്നവരും,(കള പറിക്കുന്നവർ)
ഏറ്റവും ഇഷ്ടപ്പെടുന്ന ഉത്സവപ്പറമ്പായ മല്ലീശ്വരൻമുടിയിലെ വിശേഷങ്ങളുമെല്ലാം ചിത്രങ്ങളായി അവരുടെ വിദ്യാലയച്ചുമരിൽ ജീവിക്കുന്നുണ്ട്..സമഗ്ര ശിക്ഷ കേരള സംസ്ഥാന നേതൃത്വം ,ജില്ലാ ടീമിന്റെ അക്കാദമിക പിന്തുണ എന്നിവ മുൻനിർത്തി അഗളി ബി ആർ സി യാ ണ് ജി.എൽ പി എസ് അഗളിയിലെ കുഞ്ഞുങ്ങൾക്കായി " "സെളിമെ കാല" ( സമൃദ്ധിയുടെ കാലം) ഒരുക്കിയിരിക്കുന്നത്..

ഈ ചുമരുകൾ ഇനി കുഞ്ഞുങ്ങളോട് മിണ്ടിയും പറഞ്ഞുമിരിക്കും.. കഥ മാത്രമല്ല ഒരു ജനതയുടെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും ...
കുട്ടികൾ അധ്യാപകരോട് അതിലെ കാര്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും.. കുട്ടികൾക്ക് മാത്രമല്ല; അട്ടപ്പാടിയെ അറിയാനും കാണാനും കേൾക്കാനും വരുന്നവർക്കെല്ലാം ഈ ചുമരുകളും ചിത്രങ്ങളും മൂല്യമുള്ളതാകും..

തന്റെ ജീവിത സാഹചര്യങ്ങളോട് ഏറെ ഇണങ്ങി നിൽക്കുന്ന ഒന്നാണ് വിദ്യാലയമെന്ന അറിവ് കുഞ്ഞിന്റെ ആത്മവിശ്വാസം ഏറെ ഉയർത്തും.തന്റെ അറിവും കഴിവും പ്രയോഗിക്കാനവസരം കിട്ടുന്ന ഇടമാണിതെന്നത് കുട്ടിയെ ആഹ്ലാദിപ്പിക്കും.
മറ്റുള്ളവർക്ക് തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകൾ കൂടി വിദ്യാലയത്തിന്റെ പ്രധാന ഭാഗമാണെന്ന അറിവ് അവിടത്തെ ആളുകളെയും അവരുടെ സംസ്കാരത്തെയും ഉൾക്കൊള്ളാനുള്ള വഴിയൊരുക്കും..

സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് കോ ഓർഡിനേറ്റർ കുട്ടി കൃഷ്ണൻ സാറിന്റെ പ്രത്യേക താൽപ്പര്യമാണ് ബി.ആർ സി അംഗങ്ങളായ ഞങ്ങൾക്ക് ഇത് ഭംഗിയായി പൂർത്തിയാക്കാനുള്ള വലിയ ഊർജ്ജം നൽകിയത്.. ഒപ്പം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ജയരാജ് സർ പ്രോഗ്രാം ഓഫീസർമാരായ സുരേഷ് സർ വിജയൻ സർ,ബി.പി.ഒ രവി സർ എന്നിവരുടെ സാന്നിധ്യവും നിർദ്ദേശങ്ങളും പിന്തുണയായി.
Sreeja Pallam ,Hamza MalikaSajan Sindhu എന്നിവരാണ് ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറങ്ങളേകിയത്. അവർക്കും ഒപ്പം നിന്ന മറ്റ് കലാകാരൻമാർക്കും നന്ദിയും സ്നേഹവും നിറയെ..

മൃതമായിക്കൊണ്ടിരിക്കുന്ന ചരിത്രത്തെ വീണ്ടെടുത്തതിനു പിന്നിൽ ഏറെ നാളത്തെ അന്വേഷണങ്ങളും പഠനങ്ങളുമുണ്ട് അഗളി ജി.എൽ.പി എ സി ലെ രംഗൻ മാഷും Rangan Ranganരവീന്ദ്രൻ മാഷും അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത ആ വെല്ലുവിളിയാണ് ഇതിലേറ്റവും പ്രധാനം..
ഇത് വരും നാളുകളിൽ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ മറ്റൊരധ്യായമാകും.. എല്ലാവർക്കും അഗളി ജി.എൽ.പി എസിലേക്ക് ഹൃദയപൂർവ്വമായ സ്വാഗതം..

അട്ടപ്പാടിയിലേതെന്നല്ല മുഴുവൻ കുഞ്ഞുങ്ങൾക്കും ആഹ്ലാദകരമാകട്ടെ ഈ അധ്യയന വർഷം..