അടുത്തിടെ മലയാളത്തിലെ സജീവമായ വ്ലോഗേര്‍സുമാര്‍ക്കിടയിലെ ചില പടലപ്പിണക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയായിരുന്നു. 

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വ്ലോഗേര്‍സ് സഹോദരന്മാരുടെ അറസ്റ്റിലേക്കും മറ്റും നയിച്ച സംഭവവികാസങ്ങളില്‍, മലയാളത്തിലെ വ്ലോഗേര്‍സ് രംഗത്ത് നടക്കുന്ന ചേരിപ്പോരിനും പങ്കുണ്ടോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇ-ബുള്‍ ജെറ്റിന്‍റെ നെപ്പോളിയന്‍ എന്ന വാഹനം മോഡിഫിക്കേഷന്‍ വരുത്തുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ ചില പരാതികള്‍ ചില വ്ലോഗേര്‍സിന്‍റെ അടുത്ത് നിന്നു തന്നെയാണ് വന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അടുത്തിടെ മലയാളത്തിലെ സജീവമായ വ്ലോഗേര്‍സുമാര്‍ക്കിടയിലെ ചില പടലപ്പിണക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയായിരുന്നു. അതില്‍ ഒരു ഭാഗത്ത് ഉണ്ടായിരുന്നവരാണ് ഇ-ബുള്‍ ജെറ്റ് വ്ലോഗേര്‍സ്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളില്‍ അതുമായി ബന്ധമുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് ഇ-ബുള്‍ ജെറ്റ് സപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ചെറിയകാലത്തിനിടയില്‍ ജനപ്രീതിയും, സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്ന രീതിയിലേക്ക് മലയാളത്തിലെ വ്ലോഗിംഗ് രംഗം മാറിയതിനൊപ്പം, അതില്‍ ഉയര്‍ന്നുവരുന്ന പുതിയവര്‍ക്കിടയിലെ മത്സരവും സജീവമാണ് എന്നാണ് ഈ രംഗത്തെ ഒരു സംരംഭകന്‍ പറയുന്നത്.

ഇ-ബുള്‍ ജെറ്റ് ഒരു വീഡിയോയില്‍ സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരിയേസിനെ വിമര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു തുടര്‍ന്നുള്ള തിരിച്ചടിയായി ഇ-ബുള്‍ ജെറ്റ് വാഹനത്തിന്‍റെ നിയമസലംഘനങ്ങളില്‍ എംവിഡി എടുത്ത നടപടികളെ കാണുന്ന അവരുടെ ആരാധകരും സോഷ്യല്‍ മീഡിയയിലുണ്ട്.

ആള്‍ട്ടര്‍ ചെയ്ത വാഹനത്തിന്‍റെ ഇ-ബുള്‍ ജെറ്റ് തന്നെ മുന്‍പ് പങ്കുവച്ച രംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വൈറലായതും, പഴയ വീഡിയോയിലെ അംബുലന്‍സ് സൈറണ്‍ ഇട്ട് നിയമലംഘനം നടത്തിയ വീഡിയോ വൈറലായതിന് പിന്നിലും ഇ-ബുള്‍ ജെറ്റിനെതിരെയുള്ള നീക്കമാണെന്ന് അവരുടെ അരാധകര്‍ കരുതുന്നുണ്ട്.

അതേ സമയം ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന ഇ ബുൾ ജെറ്റ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം. ആർടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊതുമുതൽ നശിപ്പിക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവർക്ക് ജാമ്യം നൽകിയാൽ അത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ആർടിഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളെത്രയെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് യൂട്യൂബർമാർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്യൂബര്‍മാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.