തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാടെ തകര്‍ന്ന് പോയ പാര്‍ട്ടിക്കും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അപ്രതീക്ഷിതമായി കിട്ടിയ പ്രഹരമാണ് ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനകേസ്. തൃശൂര്‍ സമ്മേളനത്തിന് തൊട്ടു മുമ്പ് മക്കള്‍ക്കെതിരായുണ്ടായ സാമ്പത്തിക തട്ടിപ്പ്കേസ് വളരെ പാടുപെട്ട് ഒതുക്കിതീര്‍ത്ത കോടിയേരി പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഒറ്റപ്പെടാനുള്ള സാധ്യതയും ഏറെയെന്നാണ് വിലയിരുത്തൽ. 

" മക്കളുടെ കാര്യം അവര്‍ നോക്കിക്കോളും അതിന് പാര്‍ട്ടിയുമായി ബന്ധമില്ല" എന്നാണ് സാമ്പത്തിക തട്ടിപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നത്. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായ സമ്മേളനങ്ങള്‍ നടന്ന് കൊണ്ടിരിക്കെ പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഉയര്‍ന്ന് വന്ന ഗുരുതര സാമ്പത്തിക തട്ടിപ്പുകേസ് വല്ലവിധേനയുമാണ് ഒതുക്കി തീര്‍ത്തതും. കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയ പരാതി അന്ന്  അക്ഷരാര്‍ത്ഥത്തില്‍ കേരളപാര്‍ട്ടിയെ പിടിച്ചു കുലുക്കിയിരുന്നു. കോടികള്‍ കൊടുത്താണ് കേസ് ഒതുക്കിയതെന്നാണ് വിവരം. പണം ആര് നല്‍കിയെന്നോ എങ്ങനെ സംഘടിപ്പിച്ചെന്നോ എല്ലാം ദുരൂഹമാണ്. 

ശക്തനായ കോടിയേരിയെ അന്ന് പാര്‍ട്ടിക്കകത്ത്  ആരും ചോദ്യം ചെയ്യാനും ധൈര്യപ്പെട്ടില്ല. പക്ഷേ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്.  കണ്ണൂരിലെ പാര്‍ട്ടി കോട്ടകളടക്കം ഒലിച്ചുപോയി ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പാര്‍ട്ടിയും മുന്നണിയും വിരണ്ട് നില്‍ക്കുന്ന സാഹചര്യം ആയത് കൊണ്ട് തന്നെ കീഴ്ഘടകങ്ങള്‍ മുതല്‍ പുതിയ വിവാദം ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.

മാത്രമല്ല ആറിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യമാണ്. പാര്‍ട്ടിയെയും മുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന ഈ സംഭവത്തിന്‍റെ നിജസ്ഥിതിെയെന്തെന്ന ചോദ്യം പോലും കോടിയേരിയെ ഒറ്റപ്പെടുത്താൻ പോന്നതാണെന്നാണ് വിലയിരുത്തൽ. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം പോലും തികഞ്ഞ അതൃപ്തി പ്രകടമാക്കുന്നതുമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ കോടിയേരിയെ പിന്തുണച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പിണറായി കോടിയേരി ബന്ധവും അത്ര നല്ലതല്ലെന്നാണ് സൂചന. കണ്ണൂരിലെ നേതാക്കളെല്ലാം നിലവിലെ അവസ്ഥയിൽ കോടിയേരിക്കെതിരുമാണ്. ശനി ഞായര്‍ ദിവസങ്ങളിലായി സിപിഎം സംസ്ഥാന സമിതി യോഗമുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വലിയ തിരുത്തല്‍ നടപടികളിലേക്ക് പോകണമെന്ന ആഹ്വാനം നിലനിൽക്കുമ്പോൾ സംസ്ഥാന സെക്രട്ടറി വീണ്ടും പ്രതിരോധത്തിലാകുന്നത് സിപിഎമ്മിന് താങ്ങാനാകാത്തതാണ്. മക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൗനം പാലിച്ച നേതാക്കള്‍ പീഡനക്കേസില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചാല്‍ കോടിയേരിയുടെ സെക്രട്ടറി സ്ഥാനത്തിനടക്കം അത് ഭീഷണിയായി മാറിയേക്കുമെന്നും വിലയിരുത്തലുണ്ട്.