പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇത് മാറ്റിവച്ചെന്നാണ് വിവരം
ആലപ്പുഴ: ഗവേഷക വിദ്യാർത്ഥിനി നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ മാവേലിക്കര കോളേജിലെ റിസർച്ച് ഗൈഡിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ വിട്ടയച്ചു. സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. വിശദമായ അന്വേഷണത്തിന് ശേഷമേ അധ്യാപകന്റെ അറസ്റ്റ് അടക്കം മറ്റു നടപടികൾ സ്വീകരിക്കൂവെന്ന് പൊലീസ് അറിയിച്ചു.
പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കുന്നതിനായി ഇന്ന് കോടതിയിലെത്താൻ പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് മാറ്റിവച്ചിരുന്നു. 2020-2023 കാലയളവിൽ ഗൈഡ് ലൈംഗിക ചുവയോടെ പെരുമാറിയെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. മോശമായ രീതിയിൽ ശരീരത്തിൽ കടന്നു പിടിച്ചെന്നും പരാതിയിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി ശേഖരിച്ചിരുന്നു. അധ്യാപകന്റെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിക്കാരി തന്നോട് മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് ഒരു സഹപാഠി മൊഴി നൽകിയിട്ടുണ്ട്.
