ഇടുക്കി: ഇടുക്കിയില്‍ സിപിഐ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരേ പ്രാദേശിക വനിതാ നേതാവ് പീഡനാരോപണം ഉന്നയിച്ചതില്‍ സിപിഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് ജില്ലാ കമ്മറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും. സംസ്ഥാന കമ്മറ്റി അംഗത്തിനെതിരേ നടപടിക്ക് സാധ്യതയുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകായ യുവതി സിപിഐ സംസ്ഥാന നേതാവിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയിലേക്ക് കൊണ്ട്‌പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന്  സിപിഐ അന്വേഷണ കമ്മീഷനെ നിയമിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗത്തേയും നേരിട്ട് കണ്ട് മൊഴിയെടുത്തു. ഇതോടൊപ്പം അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടേയും മൊഴി രേഖപ്പെടുത്തി. നിലവില്‍ അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് പാര്‍ട്ടി ആവശ്യപ്പെടുന്ന സമയത്ത് ജില്ലാ കമ്മറ്റിക്ക് സമര്‍പ്പിക്കുമെന്നും അന്വേഷണ കമ്മീഷന്‍ അംഗം പ്രിന്‍സ് മാത്യൂ  പറഞ്ഞു. 

എന്നാല്‍ പാര്‍ട്ടിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പ്രതികരിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയോ ആരോപണം നിഷേധക്കുകയോ ചെയ്തിട്ടില്ല.