Asianet News MalayalamAsianet News Malayalam

സ്ത്രീപീഡന കേസിൽ ഇരട്ടനീതി; അതിക്രമം ചോദ്യം ചെയ്തയാളെ അറസ്റ്റ് ചെയ്തു, അക്രമിക്കെതിരെ നടപടിയില്ല

യുവതി പരാതി നൽകാൻ ഒരു ദിവസം വൈകിയെന്നാണ് പൊലീസിന്‍റെ വിചിത്ര ന്യായീകരണം. സംഭവത്തില്‍ ശക്തികുളങ്ങര പൊലീസിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി.

 

sexual harassment case double justice from police in kollam
Author
Kollam, First Published Aug 20, 2021, 8:45 AM IST

കൊല്ലം: കൊല്ലത്ത് യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ വിചിത്ര പൊലീസ് നടപടി. സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടുമില്ല. യുവതി പരാതി നൽകാൻ ഒരു ദിവസം വൈകിയെന്നാണ് പൊലീസിന്‍റെ വിചിത്ര ന്യായീകരണം. സംഭവത്തില്‍ ശക്തികുളങ്ങര പൊലീസിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി.

കൊല്ലം രാമന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ എന്നയാള്‍ ഓഫീസിന് സമീപത്ത് വച്ച് തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അനന്തുവും ഹരിധരനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹരിധരനെതിരെ പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ യുവതിയുടെ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ ശക്തികുളങ്ങര പൊലീസ് തയ്യാറായിട്ടില്ല. പക്ഷേ യുവതിയ്ക്കെതിരെ ഉണ്ടായ അതിക്രമം ചോദ്യം ചെയ്ത അനന്തുവിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ഒരു ദിവസം റിമാന്‍ഡ് ചെയ്ത് ജയിലലടയ്ക്കുകയും ചെയ്തു.

ഒരു സ്ത്രീക്ക് നേരെ പട്ടാപ്പകല്‍ ഉണ്ടായ അതിക്രമം ചോദ്യം ചെയ്തതയാളെ അറസ്റ്റ് ചെയ്യുകയും ആ അതിക്രമം നടത്തിയയാളെ സ്വതന്ത്ര വിഹാരത്തിന് വിടുകയും ചെയ്യുന്നതിലെ ഇരട്ടനീതിയാണ് ഇവർ ചോദ്യം ചെയ്യുന്നത്. വെളളിയാഴ്ചയുണ്ടായ സംഭവത്തില്‍ യുവതി പരാതി നല്‍കിയത് ശനിയാഴ്ച വൈകിട്ട് മാത്രമാണെന്നും ഇതില്‍ സംശയമുണ്ടെന്നുമുളള വിചിത്ര വിശദീകരണമാണ് ശക്തികുളങ്ങര പൊലീസ് നല്‍കുന്നത്. നീതി തേടി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios