തിരുവനന്തപുരം: ക്യാമ്പസ് വിഷയങ്ങളിൽ എസ്എഫ്ഐ - എഐഎസ്എഫ് തർക്കം തുടരുന്നതിനിടെ ഇന്ന് ഇരു വിദ്യാർഥി സംഘടനകളും ചർച്ച നടത്തും. സിപിഎം - സിപിഐ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍റെയും കാനം രാജേന്ദ്രന്‍റെയും സാന്നിധ്യത്തിലാണ് ചർച്ച നടക്കുക. വിവാദങ്ങൾക്കിടെ എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും.

ഇടത് രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന രണ്ട് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയുടെയും എഐഎസ്എഫിന്‍റെയും ശത്രുത, ക്യാമ്പസുകളിൽ രണ്ട് ചേരികളായി ഏറ്റുമുട്ടുന്നതില്‍ നിന്നും സംസ്ഥാന ഭാരവാഹികളെ മർദ്ദിക്കുന്ന ഘട്ടം വരെ എത്തി. യൂണിവേഴ്സിറ്റി കോളേജ് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് ശക്തമായി രംഗത്തെത്തിയതോടെയാണ് സിപിഎമ്മും സിപിഐയും വിഷയത്തില്‍ ഇടപെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുക്കും.

പാർട്ടി നേതൃത്വം ഇടപെട്ട് ചർച്ച നടത്തുന്നുണ്ടെങ്കിലും എൽഡിഎഫ് മാതൃകയിൽ ക്യാമ്പസുകളിൽ ഒരു മുന്നണിയായി മത്സരിക്കുന്നതിൽ തടസങ്ങളുണ്ട്. സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ വിയോജിക്കുന്നു. എസ്എഫ്ഐ വിരുദ്ധ പരാമർശം കൊണ്ട് ശ്രദ്ധ നേടിയ എഐഎസ്എഫ് ജില്ലാ സമ്മേളനങ്ങൾക്ക് ശേഷം സംസ്ഥാന സമ്മേളനവും ഇന്ന് തുടങ്ങുകയാണ്. വിദ്യാർഥി റാലി കനയ്യകുമാർ ഉദ്ഘാടനം ചെയ്യും. നാലാം തീയതി നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.