മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവര്‍മ്മയിലും എസ്എഫ്‌ഐ വളര്‍ന്നതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

തൃശൂര്‍: കേരള വര്‍മ്മ കോളേജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോടതി നിര്‍ദേശത്തില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ എസ്എഫ്‌ഐ തന്നെ വിജയിച്ചതോടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു. താന്‍ ഇടപെട്ടാണ് എസ്എഫ്‌ഐയെ വിജയിപ്പിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയവര്‍ ഇനിയെന്ത് പറയുമെന്നാണ് മന്ത്രി ചോദിച്ചത്. മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരള വര്‍മ്മയിലും എസ്എഫ്‌ഐ വളര്‍ന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. 

മന്ത്രി ബിന്ദുവിന്റെ കുറിപ്പ്: ശ്രീ കേരളവര്‍മ്മ കോളേജില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോള്‍ വീണ്ടും എസ് എഫ് ഐ യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ചിരിക്കുന്നു. വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടെണ്ണുന്ന പ്രക്രിയയാകെ. ഈ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ്എഫ്‌ഐയെ ജയിപ്പിച്ചു എന്നാരോപിച്ച് കുറേ ദിവസങ്ങള്‍ ഞാന്‍ എവിടെ പോയാലും കെഎസ്‌യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും കരിംകൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുകമായ മുദ്രാവാക്യവര്‍ഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു. ഓഫിസിന് മുന്നില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ പോലും ആക്രോശിച്ച് അലറി ആക്രമിക്കാന്‍ ഓടിയടുത്തു. ഇപ്പോളിനി അവര്‍ എന്തു പറയും? പ്രിയരേ, മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവര്‍മ്മയിലും എസ്എഫ്‌ഐ വളര്‍ന്നത്. ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണ്. അമരന്മാരായ ധീരരക്തസാക്ഷികളുടെ ആവേശകരമായ സ്മരണകളാണ് അതിന് ഊര്‍ജ്ജം പകരുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു പറയട്ടെ. കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ. 

കേരള വര്‍മ്മ കോളേജ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീകൗണ്ടിംഗില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. വോട്ടെണ്ണലില്‍ അവസാന നിമിഷത്തിലാണ് മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനിരുദ്ധന്‍ ജയിച്ചത്. കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ 889 വോട്ടും എസ്എഫ്‌ഐയുടെ അനിരുദ്ധന്‍ 892 വോട്ടും നേടി. നേരത്തെ വോട്ടെണ്ണിയതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്. 

വീട്ടില്‍ കഞ്ചാവ്: 'ബുള്ളറ്റ് ലേഡി' നിഖിലയെ വീട് വളഞ്ഞ് പിടികൂടി

YouTube video player