Asianet News MalayalamAsianet News Malayalam

എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം; സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച്

കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അറസ്റ്റിലായവരെ ഇവിടേക്ക് കൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്ത ഇല്ലാത്തതിനാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

sfi march to secretariat
Author
Trivandrum, First Published Nov 30, 2019, 7:28 PM IST

തിരുവനന്തപുരം: പ്രവര്‍ത്തകരുടെ  അറസ്റ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച്. ഇന്നലെ നടന്ന കെഎസ്‍യു-എസ്‍എഫ്ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടി ഏകപക്ഷീയമാണെന്നും അക്രമം നടത്തിയ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തില്ലെന്നും ആരോപിച്ചാണ് എസ്എഫ്ഐ മാര്‍ച്ച് നടത്തുന്നത്. യൂണിവേഴ്‍സിറ്റി കോളേജില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. 

കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അറസ്റ്റിലായവരെ ഇവിടേക്ക് കൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്ത ഇല്ലാത്തതിനാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യത്തെ തുടര്‍ന്ന് അറസ്റ്റിലായവരെ കന്‍റോണ്‍മെന്‍റ് സ്‍റ്റേഷനിലേക്ക് കൊണ്ടുവരാതെ വഞ്ചിയൂരിലേക്ക് കൊണ്ടുപോയി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ഇന്നലെ കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് അടക്കമുള്ളവർക്കെതിരായ അക്രമത്തിലാണ് യൂണിവേഴ്സിറ്റി കോളജിലെ അഞ്ചു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. അമൽ മുഹമ്മദ്, വിഘ്നേഷ്, അജ്മൽ, സുനിൽ, ടി ശംഭു എന്നിവരെയാണ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഇന്നലെ നടന്ന അക്രമത്തിൻറെ ദൃശ്യങ്ങളിൽ നിന്നും ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

13 എസ്എഫ്ഐ നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 13 പ്രവർത്തകര്‍ക്കെതിരെയുമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്.  അതേസമയം കെഎസ്‍യുക്കാർ തങ്ങളെയും ആക്രമിച്ചെന്ന് എസ്എഫ്ഐ ഇന്നലെ പറഞ്ഞെങ്കിലും ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടില്ല. അതേസമയം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകൻ നിധിൻ രാജിനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും സർട്ടിഫിക്കറ്റും പുസ്കങ്ങളും കത്തിക്കുകയും ചെയ്ത കേസിലെ പ്രതിയായ മഹേഷിനെ ഇതുവരെ പൊലീസ് പിടികൂടിയില്ല.

Follow Us:
Download App:
  • android
  • ios