Asianet News MalayalamAsianet News Malayalam

കണ്‍സെഷന്‍ ചോദിച്ച വിദ്യാര്‍ഥിനിയെ മഴയത്തിറക്കിവിട്ട ബസ് തടഞ്ഞ് എസ്എഫ്ഐയുടെ പ്രതിഷേധം

വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പറഞ്ഞു

sfi protest against private bus issue
Author
Thiruvananthapuram, First Published Jun 13, 2019, 4:32 PM IST

തിരുവനന്തപുരം: ബസില്‍ കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ മഴയത്ത് ഇറക്കി വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ഥിനിയെ ഇറക്കിവിട്ട ബസ് തടഞ്ഞുള്ള പ്രതിഷേധവുമായി എസ് എഫ് ഐയും രംഗത്തെത്തി.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ പ്രസ്താവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ബസ്റ്റാന്റ് ഇന്റർവ്യൂ, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കൽ, മോശമായ പെരുമാറ്റം എന്നീ പ്രശ്നങ്ങൾ ദൈനംദിനമായി ഉയർന്നു വരികയാണെന്നും എസ് എഫ് ഐ ചൂണ്ടികാട്ടി.

വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് യാത്രക്കിടെ ബസ് ജീവനക്കാര്‍ മഴയത്ത് ഇറക്കി വിട്ടത്. കുട്ടി ആറ്റിങ്ങലില്‍ കായിക പരിശീലനം നടത്തുന്നുണ്ട്. സ്കൂളില്‍ നിന്നും കായികപരിശീലനം നടത്തുന്ന സ്ഥലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

Follow Us:
Download App:
  • android
  • ios