തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ എസ്എഫ്ഐ തൂത്തുവാരി. 28 വർഷങ്ങൾക്ക് ശേഷം മത്സരിച്ച കെഎസ്‍യു, മൂന്ന് സീറ്റുകളിൽ 500ലേറെ വോട്ടുകൾ നേടി. കേരള സർവ്വകലാശാലയ്ക്ക്  കീഴിലെ 65 കോളജുകളിൽ 57ഉം എസ്എഫ്ഐ നേടി.

കത്തിക്കുത്ത് കേസിനും പിഎസ്‍സി ക്രമക്കേട് വിവാദങ്ങൾക്കും പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലും യൂണിവേഴ്സിറ്റി കോളെജ് എസ്എഫ്ഐക്കൊപ്പം തന്നെ.  ജനറൽ സീറ്റുകളിൽ ആയിരത്തിലേറെ വോട്ടുകൾക്കാണ് എസ്എഫ്ഐയുടെ ജയം. ജോബിൻ  ജോസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ആര്യാ ചന്ദ്രനാണ് വൈസ് ചെയർപേഴ്സൺ. യൂണിവേഴ്സിറ്റി കോളെജിൽ ആക്രമണത്തിനിരയായ അഖിലും ആഹ്ളാദ പ്രകടനങ്ങളിൽ പങ്കെടുക്കാനെത്തി.

കെഎസ്‍യുവിന്റെ വൈസ് ചെർപേഴ്സൺ, യുയുസി സ്ഥാനാർത്ഥികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഒന്നാം വർഷ പിജി പ്രതിനിധി സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ട്രാൻസ്‍ജെണ്ടർ വിദ്യാർത്ഥി നാദിറ 70 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

തിരുവനന്തുപുരത്ത് 34ൽ 30 കോളെജുകളിലും എസ്എഫ്ഐ വിജയിച്ചു. പെരിങ്ങമല ഇക്ബാൽ, തോന്നയ്ക്കൽ എ.ജെ, നവരൂര്  ശ്രീ ശങ്കര, കണിയാപുരം എംജിഎം എന്നീ കോളജുകളാണ് കെഎസ്‍യുവിന് കിട്ടിയത്.  ആലപ്പുഴയിൽ 13ൽ 12ഉം കൊല്ലത്ത് 15ൽ 12ഉം  പത്തനംത്തിട്ടയിലെ മൂന്ന് കോളെജുകളും എസ്എഫ്ഐ നേടി കേരള സര്‍വ്വകലാശാലയില്‍ കരുത്ത് കാട്ടി.