കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്ക് നേരെ കണ്ണൂരിൽ എസ്എഫ്ഐ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. യദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് കരിങ്കൊടി വീശിയത്. കാറിൽ യദ്യൂരപ്പയുടെ സീറ്റിന് തൊട്ടടുത്തെത്തിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയത്. ഉച്ചയോടെ കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. 

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യദ്യൂരപ്പക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിൽ ഇറങ്ങി പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് കണ്ണൂരിലെ പ്രതിഷേധം നടന്നത്. 

യദ്യൂരപ്പയുടെ വാഹന വ്യൂഹം എത്തുന്നതറിഞ്ഞ് എസ്എഫ്ഐ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പഴയങ്ങാടി ടൗണിൽ അങ്ങിങ്ങായി തമ്പടിച്ചിരുന്നു. വാഹന വ്യൂഹം കടന്ന് വന്നപ്പോൾ ആദ്യം പ്രതിഷേധവുമായി ചാടി റോഡിലിറങ്ങിയത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരാണ്. വാഹനത്തിന് മുന്നിൽ ചാടിയവരെ ബലംപ്രയോഗിച്ച് പിടിച്ച് മാറ്റാൻ പൊലീസ് ശ്രമിച്ചു. അതിനിടെ മുപ്പതോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ പ്രതിഷേധക്കാര്‍ കാറിൽ യദ്യൂരപ്പയുടെ  സീറ്റിനടുത്ത് വരെ അടുത്തെത്തി കരിങ്കൊടി വീശി. 

ഏറെ പാടുപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ച് വാഹനവ്യൂഹം കടത്തിവിട്ടത്."

കസ്റ്റഡിയിലെടുത്ത ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പിന്നീട് എസ് എഫ് ഐ പ്രവർത്തകർ പഴയങ്ങാടി സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് മുഴുവൻ പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാൽടെക്സിൽ യദ്യൂരപ്പക്കെതിരെ കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു.