കോഴിക്കോട് , മലപ്പുറം വയനാട് ജില്ലകളിലാണ് പൊലീസിന്റെ അഞ്ചു സംഘങ്ങൾ അന്വേഷണം നടത്തുന്നത്

കോഴിക്കോട്: പ്രവാസിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പരപ്പൻ പൊയിലിൽ നിന്ന് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് പൊലീസ് ഇരുട്ടിൽ തപ്പുന്നത്. സംഭവത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി അഞ്ച് പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. സ്വർണക്കടത്ത്, ഹവാല ബന്ധമുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷാഫിയെ ഏതെങ്കിലും ഒളി സങ്കേതത്തിൽ പാർപ്പിച്ചിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തൽ.

സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ഷാഫിക്ക് ബന്ധമെന്ന് മൊഴി, അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതെങ്ങോട്ട് ? അന്വേഷണം 

ഏഴാം തീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അഞ്ജാത സംഘം പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഷാഫിയെ കണ്ടെത്താനായിട്ടില്ല. ദുബായിൽ നടന്ന സാന്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം. ഇതിലുൾപ്പെട്ട രണ്ടുപേർ ഇപ്പോഴും കസ്റ്റഡിയിലാണ്. 

പുലർച്ചെ 4 മണിവരെ താമരശ്ശേരിയിൽ തുടർന്ന റൂറൽ എസ് പിയും സംഘവും കൊടുവളളി കേന്ദ്രീകരിച്ച് കൊട്ടേഷൻ സംഘങ്ങളുമായി ബന്ധമുളളവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുളളതായി പൊലീസിന് വിവരം കിട്ടിയത്. സൗദിയിൽ സ്വർണം പൊട്ടിക്കലുമായി ഷാഫിക്ക് ബന്ധമുണ്ടെന്നും ഇതാവാം തട്ടിക്കൊണ്ടുപോകലിന് പുറകിലെന്നുമായിരുന്നു ഇവർ നൽകിയ വിവരം. 

ഭർത്താവിനെ തട്ടിക്കൊണ്ടുപോയത് മുഖം മറച്ചെത്തിയവർ, മുൻപരിചയമില്ല, കൈയ്യിൽ ആയുധമുണ്ടായിരുന്നെന്നും ഭാര്യ സാനിയ

ഇത് പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. എങ്കിലും ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മൂന്നു വ‍ർഷം മുൻപ് സൗദി വിമാനത്താവളത്തിൽ വച്ച് ഷാഫി സ്വ‍ർണം പൊട്ടിച്ചെന്നായിരുന്നു ഇവർ നൽകിയ മൊഴി. സ്വർണക്കടത്ത് ബന്ധമുണ്ടെന്ന സൂചനകൾ നിലനിൽക്കേ, ഉത്തരമേഖല ഡിഐജി പി വിമലാദിത്യ താമരശ്ശേരിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വെളളിയാഴ്ച രാത്രിയാണ് പരപ്പൻപൊയിൽ ഷാഫിയെ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത്. കാറിന്‍റെ രജിസ്ട്രേഷൻ അറിയില്ലെന്നും നമ്പർ മാത്രമേ അറിയൂ എന്നും ഷാഫിയുടെ ഭാര്യ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 7001 എന്ന നമ്പറിലുള്ള വെളള സ്വിഫ്റ്റ് കാറിനായി തെരച്ചിൽ ഊർജ്ജിതമാക്കി.

YouTube video player