ബിഹാറിൽ നിന്ന് തിരിച്ചെത്തിയ ഷാഫി പറമ്പിൽ രാവിലെ 10.30 ന് വടകരയിൽ മാധ്യമങ്ങളെ കാണും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കും.
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മൗനം വെടിയാൻ ഷാഫി പറമ്പിൽ എം പി. ബിഹാറിൽ നിന്ന് തിരിച്ചെത്തിയ ഷാഫി പറമ്പിൽ രാവിലെ 10.30 ന് വടകരയിൽ മാധ്യമങ്ങളെ കാണും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിൽ നിലപാട് വ്യക്തമാക്കും എന്നാണ് വിവരം.
സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മൗനത്തിലായിരുന്നു ഷാഫി. മാധ്യമ പ്രവർത്തകർ പല തവണ അദ്ദേഹത്തെ കാണാനും പ്രതികരണം തേടാനും ശ്രമിച്ചെങ്കിലും ഷാഫി കാണാൻ കൂട്ടാക്കിയില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്‍റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചത്. ദില്ലിയിലെ ഫ്ലാറ്റിന് മുന്നില്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബിഹാറിലേക്ക് പോകുകയായിരുന്നു. ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനാണ് തിരക്കിട്ട യാത്ര എന്നായിരുന്നു വിശദീകരണം.
വിവാദ വിഷയങ്ങളില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ഷാഫി പറമ്പിൽ സംരക്ഷിച്ചു എന്ന തരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ മുറുമുറുപ്പുകളുണ്ടെന്നാണ് വിവരം. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നും പറയപ്പെടുന്നു. പാലക്കാട് നിന്ന് രാജിവെച്ച് വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷാഫിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദേശിച്ചത്.


