വയനാട്: ടോയ്‍ലറ്റില്ല, ഓഡിറ്റോറിയത്തിന്‍റെ ഒരു വശത്ത് നിറയെ ചപ്പും ചവറും, മറുവശത്ത് നിറയെ പുറ്റ് വളർന്നു നിൽക്കുന്നു, സ്കൂളിന്‍റെ ഒരു വശത്ത് നിറയെ കാട് വളർന്നു നിൽക്കുന്നു ... സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലെ ഓരോ സൗകര്യമില്ലായ്മയും വീണ്ടും എണ്ണിയെണ്ണിപ്പറയുകയാണ് ഷഹ്‍ല ഷെറിൻ എന്ന അഞ്ചാം ക്ലാസ്സുകാരിയുടെ സഹപാഠി ഫാത്തിമ ഷാഹ്‍മി.

ഇടയ്ക്ക് ഇടത് കൗൺസിലർ സി കെ സഹദേവൻ, കുട്ടിയെ രാഷ്ട്രീയക്കാർ പഠിപ്പിച്ച് കൊണ്ടുവന്നിരുത്തിയാണെന്ന് ആക്ഷേപിച്ചിട്ടും അവൾ അതിനെയെല്ലാം ഒറ്റവാക്ക് കൊണ്ടാണ് മറികടക്കുന്നത്. 'സ്കൂളില് ഞങ്ങളോട് സത്യം പറയണം എന്നല്ലേ മാഷ്മ്മാര് പറയാറ്, ഞങ്ങളതേ പറഞ്ഞുള്ളൂ, കണ്ട കാര്യമേ, സത്യമേ ഞാൻ പറ‍ഞ്ഞുള്ളൂ'.

ഷഹ്‍ലയെ ആശുപത്രിയിൽ കൊണ്ടുപോയത് സംബന്ധിച്ച് സ്വന്തം അധ്യാപകർ പറഞ്ഞത് എല്ലാം നുണയാണെന്ന് ഫാത്തിമ ഷാഹ്‍മി ആണയിട്ട് പറയുന്നു. ''ഷഹ്‍ലയെ സ്റ്റാഫ് റൂമിൽ പോലും ആദ്യം കൊണ്ടുപോയില്ല. കാലിൽ വെള്ളമൊഴിച്ച് അവിടെ ഇരുന്നോളാൻ പറയുകയാണ് ചെയ്തത്. 'എന്നെ എങ്ങനെയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോ സാറേ, എനിക്ക് തീരെ വയ്യെ'ന്ന് അവൾ പറഞ്ഞതാണ്. എന്നിട്ടും, ഉപ്പ വരാതെ ആശുപത്രിയിൽ കൊണ്ടുപോകില്ലെന്ന് സാറ്മ്മാര് പറയുകയാണ് ചെയ്തത്'', ഫാത്തിമ പറയുന്നു. 

കുട്ടിയെ താൻ വരാതെ ആശുപത്രിയിൽ കൊണ്ടുപോകണ്ട, എന്ന് അച്ഛൻ പറഞ്ഞതായി അധ്യാപകർ വാർത്തയിൽ പറഞ്ഞതും നുണയാണെന്ന് ഫാത്തിമ തുറന്ന് പറയുന്നു: ''കുട്ടിയുടെ കാല് മാളത്തിൽ കുടുങ്ങി കോറിയതാണെന്നാണ് മാഷ്മ്മാര് പറഞ്ഞത്. പാമ്പ് കൊത്തിയതാണെന്ന് പല തവണ ഓള് പറഞ്ഞിട്ടും മാഷ്മ്മാര് കേട്ടില്ല. ആ കുട്ടീന്‍റെ ഉപ്പാനോട് പറഞ്ഞതൂല്ല'', എന്ന് ഫാത്തിമ.

സ്കൂളിലെ ടോയ്‍ലറ്റുകളുടെ ശോചനീയാവസ്ഥ ഫാത്തിമ പറയുന്നത് നടുക്കത്തോടെയല്ലാതെ കേൾക്കാനാകില്ല. ''പുതിയ മൂന്ന് ടോയ്‍ലറ്റുകൾ പണിഞ്ഞതോടെ പഴയ ടോയ്‍ലറ്റ് കോംപ്ലക്സ് പൂട്ടി. ആ പുതിയ ടോയ്‍ലറ്റിന്‍റെ ഒരു വാതിൽ പൊട്ടിയ നിലയിലാണ്. ഒരെണ്ണത്തിൽ മാത്രമേ ബക്കറ്റും കപ്പുമുള്ളൂ. പിന്നെ ഞങ്ങളെന്ത് ചെയ്യും? പഴയ ടോയ്‍ലറ്റിന്‍റെ വാതില് കീ വാങ്ങി തുറക്കും. അതും വൃത്തിയാക്കലില്ല''.

സ്കൂൾ ഓഡിറ്റോറിയത്തിന്‍റെ വശത്താണ് ക്ലാസ്സുകൾ വൃത്തിയാക്കിയാൽ കുട്ടികൾ ചപ്പും ചവറും കൊണ്ടുപോയി ഇടാറ്. അവിടെ ഒരു കുഴി പോലും ചപ്പും ചവറും നിക്ഷേപിക്കാനില്ല. അതുകൊണ്ട് ഓഡിറ്റോറിയത്തിന്‍റെ ഒരു വശം മുഴുവൻ ചപ്പും ചവറും. മറുവശത്ത് മുഴുവൻ എന്തെന്നറിയാത്ത പുറ്റും. അവിടെ പാമ്പോ, അങ്ങനെ എന്ത് ഇഴജന്തുക്കളാണുള്ളതെന്ന് അറിയില്ല - എന്ന് ഫാത്തിമ പറയുന്നു.

''ആ കുട്ടിയുടെ കാലില് കടിച്ച പാമ്പുണ്ടായിരുന്ന മാളത്തിക്കൂടെ ഒരു കമ്പിട്ടപ്പോ, ഞങ്ങളുടെ കയ്യുടെ വലിപ്പത്തിലുള്ള ഭാഗം മാത്രേ പുറത്ത് നിൽക്കുന്നുള്ളൂ, അത്ര വലിയ മാളമാണ്. ക്ലാസ്സിന്‍റെ സൈഡിക്കൂടെ തുരന്നാണ് അത് ക്ലാസ്സിന്‍റെ ഉള്ളിലെത്തിയത്'', ഫാത്തിമ.

കുട്ടി മരിച്ചതിലും രാഷ്ട്രീയപ്പോര്

അതേസമയം, ഷഹ്‍ലയ്ക്ക് പാമ്പ് കടിയേറ്റ സ്കൂള്‍ കെട്ടിടം അറ്റകുറ്റപ്പണി  നടത്താതിരുന്നത് ബോധപൂര്‍വ്വമാണെന്ന് വ്യക്തമാവുകയാണ്. പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാല്‍ പുതിയ കെട്ടിടത്തിന് ഫണ്ട് കിട്ടില്ലെന്നറിയാവുന്നതിനാലാണ് അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന് സ്കൂളിന്റെ ചുമതലയുള്ള മുനിസിപ്പല്‍ ചെയര്‍മാന്‍ വ്യക്തമാക്കി. അതേ സമയം സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍  അനുവദിച്ച ഒരു കോടി രൂപയെ ചൊല്ലി എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാക്പോര് മുറുകുകയാണ്.

ഷഹ്ലയ്ക്ക് പാമ്പ് കടിയേറ്റ കെട്ടിടത്തിന് 30 വര്‍ഷം പഴക്കമുണ്ടെന്നാണ് ബത്തേരി  മുനിസിപ്പല്‍ ചെയർമാൻ ടി എൽ സാബുവിന്‍റെ വെളിപ്പെടുത്തല്‍. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി നടത്താതിരുന്നതിനും അദ്ദേഹം ന്യായവാദം നിരത്തുന്നുണ്ട്.

''ഒരിക്കൽ മെയിന്‍റെയിൻ ചെയ്താൽ പിന്നെ സർക്കാർ ചട്ടപ്രകാരം അത് പൊളിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ടൈൽസിടാനും മറ്റും മുതിരാതിരുന്നത്'', എന്ന് ടി എൽ സാബു.

പഴകിയ കെട്ടിടമാണെന്ന് ബോധ്യമുള്ള കെട്ടിടത്തിന് ഫിറ്റ്‍നസ് സര്‍ട്ടിഫിക്കറ്റ് നൽകിയതും ഇതോടെ തര്‍ക്കവിഷയമാവുകയാണ്. ഉപേക്ഷിക്കാനിരുന്ന കെട്ടിടത്തിലാണ് യാതൊരു കരുതലുമില്ലാതെ അഞ്ചാം ക്ലാസടക്കമുള്ള ചെറിയ ക്ലാസുകള്‍ നടത്തിയത്. സ്കൂളിന്‍റെ ചുമതലയുള്ള ബത്തേരി മുനിസിപ്പാലിറ്റി ഇടതുപക്ഷമാണ് ഭരിക്കുന്നിരിക്കെ ജില്ലാ പഞ്ചായത്തിനെയും സ്ഥലം എംഎല്‍എയെയും കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയലാക്കോടെയാണെന്നാരോപിച്ച് യുഡിഎഫും രംഗത്തെത്തി.

സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഒരു കോടി രൂപ പ്ലസ് വൺ-  പ്ലസ് ടു ക്ലാസുകള്‍ക്കായുള്ള കെട്ടിടത്തിനായിരുന്നു. അതിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പിന്നെ ഒരു കോടി രൂപ വീതം ഈ സ്കൂളിനടക്കം സംസ്ഥാനത്തെ 400-ലേറെ സ്കൂളുകള്‍ക്കായി കിഫ്ബിയില്‍ പ്രഖ്യാപിച്ചുവെങ്കിലും നടപടിയായിട്ടില്ല. അത് കൊണ്ട് പിടിഎയെ പഴിചാരുന്നതിൽ അര്‍ത്ഥമില്ലെന്നാണ് രക്ഷാകര്‍ത്താക്കളുടെ നിലപാട്.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തി എന്ന് സര്‍‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയുണ്ടായ ഈ നിർഭാഗ്യകരമായ സംഭവവും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും വെളിപ്പെടുത്തലുകളും വിദ്യാഭ്യാസവകുപ്പിനും പൊതുമരാമത്ത് വകുപ്പിനും തലവേദനയുണ്ടാക്കുകയാണ്. പഴകിയ കെട്ടിടത്തില്‍ പ്രാഥമികമായ അറ്റകുറ്റപ്പണി പോലും നടത്താതെ അഞ്ചാം ക്ലാസുകാരി മരിക്കാനുള്ള സാഹചര്യമുണ്ടാക്കിയ കാര്യത്തില്‍ നടപടിയുണ്ടായില്ല എന്ന് മാത്രമല്ല വാക്പോരിലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രദ്ധ എന്നതാണ് വിചിത്രം.