Asianet News MalayalamAsianet News Malayalam

ഷഹലയുടെ മരണം; പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിൽ തുടരുന്നു, സർവജന സ്കൂളിൽ ഇന്ന് നഗരസഭയുടെ ശുചീകരണം

കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹെഡ്മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

shahla snake bite death accused teachers and doctor still in hiding
Author
Bathery, First Published Nov 25, 2019, 7:23 AM IST

ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച പശ്ചാത്തലത്തിൽ സർവജന സ്‌കൂൾ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് വൃത്തിയാക്കും. പൂർവ വിദ്യാർത്ഥികളും സ്‌കൂൾ അങ്കണം സുരക്ഷിതമാക്കാൻ രംഗത്തിറങ്ങും. അതേസമയം വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച കേസിൽ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിൽ തുടരുകയാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് ഷഹലയുടെ വീട് സന്ദർശിക്കും

ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്‍കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്‍കൂളിലെ  യുപി വിഭാഗത്തിന് ഒരാഴ്‍ച കൂടി അവധി നല്‍കാനും ഹൈസ്‍കൂള്‍ , ഹയർ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‍കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്‍മാസ്റ്ററേയും അധ്യാപകനെയും സസ്‍പെന്‍റ് ചെയ്‍ത സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്തല്‍ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങള്‍. ഇത് കൂടാതെ കുട്ടികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

അതേസമയം ഷഹല ഷെറിന്‍റെ മരണത്തില്‍ പൊലീസ് കേസെടുത്ത നാല് പ്രതികളും ഒളിവിലാണ് കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹെഡ്മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങി. സ്ഥലത്തില്ല എന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. എത്തിയാൽ ഉടൻ പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം. 

Follow Us:
Download App:
  • android
  • ios