ശശി തരൂരിനെ മാതൃകയാക്കി ലോക ക്ലാസിക്കുകൾ വരെ വായിച്ചുകൂട്ടുന്ന ഒൻപത് വയസുകാരി ലക്ഷ്മിക്ക് ഇത് ഏറെ കാത്തിരുന്ന നിമിഷം...
തൃശൂർ: ശശി തരൂരിനെ ആരാധിച്ച് ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചു കൂട്ടൂന്ന കൊച്ചു മിടുക്കിയെത്തേടി തരൂരിന്റെ ഫോൺ കോൾ. തൃശ്ശൂർ ചുങ്കത്തെ നാലാം ക്ലാസുകാരി ലക്ഷ്മിയെയാണ് തരൂർ വീഡിയോ കോളിലെത്തി അഭിനന്ദിച്ചത്. ലക്ഷ്മിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് കണ്ടാണ് എം പി കുട്ടിയെ വിളിച്ചത്.
ശശി തരൂരിനെ മാതൃകയാക്കി ലോക ക്ലാസിക്കുകൾ വരെ വായിച്ചുകൂട്ടുന്ന ഒൻപത് വയസുകാരി ലക്ഷ്മിക്ക് ഇത് ഏറെ കാത്തിരുന്ന നിമിഷം. തരൂരിന്റെ വീഡിയോകൾ കണ്ട് ഇംഗ്ലീഷിനോട് കമ്പം കയറിയ ലക്ഷ്മിയുടെ ഭാഷാ മികവ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്തിരുന്നു.
183 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് വാക്ക് വരെ ലക്ഷ്മി എളുപ്പത്തിൽ ഉച്ഛരിക്കും. വീഡിയോ കോളിലെത്തിയ ശശി തരൂർ ലക്ഷ്മി വായിച്ച പുസ്തകങ്ങളെക്കുറിച്ചാണ് ചോദിച്ചറിഞ്ഞത്. വിക്ടർ ഹ്യൂഗോയുടെ ലെസ് മിസറബിൾസ് ഉൾപ്പെടെയുള്ള കൃതികളെക്കുറിച്ച് ലക്ഷ്മി വാചാലയായി.
കുട്ടിക്ക് കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ നൽകണമെന്ന് എം പി രക്ഷിതാക്കളോട് പറഞ്ഞു. തൃശ്ശൂരിലെത്തുന്പോൾ നേരിട്ട് കാണാം എന്ന് ഉറപ്പ് നൽകിയാണ് ശശി തരൂർ സംഭാഷണം അവസാനിപ്പിച്ചത്.

