വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്
ദില്ലി: കെ റെയിലിന്റെ (K Rail) നിർദ്ദിഷ്ട സിൽവർ ലൈൻ (Silver Line Project) പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ എംപി (Shashi Tharoor MP) ഒപ്പുവെച്ചില്ല. കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ശശി തരൂർ ഒപ്പുവെക്കാതിരുന്നത്. പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാർ നിവേദനത്തിൽ ഒപ്പിട്ടു. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ കൂടിക്കാഴ്ച നടത്തും.
പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. എന്നാൽ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്.
