സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോൺഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ (shashi tharoor) പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ( v muraleedharan). ഒരു വശത്ത് പദ്ധതിയെ എതിർക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോൺഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരൻ പറഞ്ഞു.
അതേ സമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തെ തരൂര്‍ പിന്തുണക്കാത്തതില്‍ കടുത്ത അമര്‍ഷമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.
തരൂരിനെ താക്കീത് ചെയ്യണമെന്ന ആവശ്യം പോലും സംസ്ഥാന ഘടകത്തില്‍ നിന്നുണ്ടായി. സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയേയും തരൂര്‍ അഭിനന്ദിച്തും പാര്‍ട്ടിക്ക് ക്ഷീണമായി. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ തരൂരിനെ തള്ളിപറഞ്ഞിരിക്കുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്താൽ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തരൂരിനെ നേരിട്ട് കണ്ട് വിശദീകരണം തേടാനാണ് കെസിപിസിയുടെ നീക്കം. തിരുവനന്തപുരം വിമനത്താവള വിഷയത്തിലെ തരൂരിന്‍റെ നിലപാടും സംസ്ഥാന ഘടകത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

