വയനാട്: സുൽത്താൻ ബത്തേരി സര്‍ക്കാര്‍ സൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം ശക്തം. ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റിട്ടും സമയത്ത് ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്ത അധ്യാപകരുടെ വീഴ്ചയിലാണ് പ്രതിഷേധം ഇരമ്പുന്നത്. സുൽത്താൻ ബത്തേരി സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികൾ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. 

"അധ്യാപകരുടെ തോന്നിവാസം. നഷ്ടം എന്നും ഞങ്ങൾക്ക്"  എന്ന് തുടങ്ങി അധ്യാപകരുടെ വീഴ്ച മുതൽ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകൾക്ക് വരെ പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കഴുത്തിൽ പ്രതീകാത്മകമായി പാമ്പിനെ ചുറ്റിയാണ് വിദ്യാര്‍ത്ഥികങ പ്രതിഷേധത്തിന് ഇറങ്ങിയത്.

ജില്ലാ ജഡ്ജി അടക്കമുള്ലവര്‍ സ്കൂളിൽ പരിശോധനക്ക് എത്തിയിരുന്നു. പരിശോധനകൾ ഇപ്പോൾ നടക്കുന്നത് കൊണ്ട് നഷ്ടപ്പെട്ട ജീവൻ വീണ്ടെടുക്കാനാകുമോ എന്നാണ് കുട്ടികൾ ചോദിക്കുന്നത്. ക്ലാസ് മുറികളിൽ എപ്പോഴും പാമ്പ് ശല്യം ആണ്. പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഗുണവും ഉണ്ടായിട്ടില്ല . സ്കൂളിൽ ഒരു ഫസ്റ്റ് എയ്ഡ് ബോക്സെങ്കിലും വേണമെന്നും വിദ്യാര്‍ത്ഥികൾ പറയുന്നു.

 

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം ചേര്‍ത്ത് ഉച്ചക്ക് ശേഷം യോഗം വിളിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ജഡ്ജി നേരിട്ടെത്തി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അധ്യാപകര്‍ക്കുണ്ടായ വീഴ്ച ഗുരുതരമെന്ന വിലയിരുത്തലാണ് ജില്ലാ ജഡ്ജിയും വ്യക്തമാക്കിയത്.