Asianet News MalayalamAsianet News Malayalam

ഷഹലയുടെ മരണം; അധ്യാപകനടക്കം കേസെടുത്ത നാലുപേരും ഒളിവില്‍, മുൻകൂർ ജാമ്യം തേടി ഡോക്ടർ ഹൈക്കോടതിയിലേക്ക്

ജില്ലാ കോടതി നേരിട്ട് സംഭവ സ്ഥലം പരിശോധിച്ചതിനാൽ അവിടെ അപേക്ഷ നൽകണ്ടന്നും ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചത്

shehlas snake bite death, doctor to high court for anticipatory bail
Author
Wayanad, First Published Nov 24, 2019, 8:25 AM IST

ബത്തേരി: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടർ ജിസ മുൻകൂർ ജാമൃത്തിനായി ഹൈക്കോടതിയിലേക്ക്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. നാളെ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യും. ജില്ലാ കോടതി നേരിട്ട് സംഭവ സ്ഥലം പരിശോധിച്ചതിനാൽ അവിടെ അപേക്ഷ നൽകണ്ടന്നും ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചത്. മരുന്നുകളുടെ അഭാവവും മറ്റ് അസൗകര്യങ്ങളും പ്രതിസന്ധിയായി എന്ന് കോടതിയില്‍ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചത്. 

ഷഹല ഷെറിന്‍റെ മരണം; പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് രക്ഷിതാക്കള്‍

സംഭവത്തില്‍ പൊലീസ് കേസെടുത്ത നാലുപേരും ഒളിവിലാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹെഡ്മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങി. സ്ഥലത്തില്ല എന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. എത്തിയാൽ ഉടൻ പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം. 

എന്നാല്‍ അതേ സമയം മരിച്ച ഷഹല ഷെറിന് നല്‍കാന്‍ ബത്തരി താലൂക്ക് ആശുപത്രിയില്‍ പ്രതിവിഷം ആവശ്യത്തിന് ഇല്ലായിരുന്നുവെന്ന ഡോക്ടറുടെ ആരോപണം തളളി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും രംഗത്തെത്തിയിരുന്നു. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിവിഷം ആവശ്യത്തിനുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. 

വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആൻറിവെനം ഇല്ലായിരുന്നെന്ന ആരോപണം തളളി കളക്ടറും ഡിഎംഒയും

കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. "ഷഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം അവിടെ ഉണ്ടായിരുന്നു.  മുതിര്‍ന്ന ഒരാള്‍ക്ക് പോലും 10 ഡോസ് പ്രതിവിഷമാണ് ആദ്യം കൊടുക്കുക. കൂടുതല്‍ ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു". രണ്ട് വെന്‍റിലേറ്ററില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കാത്തതെന്നും ഡിഎംഒ ഡോ.രണുക പറഞ്ഞു.

Follow Us:
Download App:
  • android
  • ios